''അഖിലേഷ് ഹജ്ജ് ഹൗസ് നിർമിച്ചു; ഞങ്ങൾ മാനസരോവർ ഭവനും''; എസ്‍പിക്കെതിരെ വർഗീയ കാർഡിറക്കി യോഗി ആദിത്യനാഥ്

2016ൽ അഖിലേഷ് യാദവ് സർക്കാർ അഅ്‌ലാ ഹസ്രത്ത് ഹജ്ജ് ഹൗസ് എന്ന പേരിൽ ഏഴുനില കെട്ടിടം ഹജ്ജ് തീർത്ഥാടകർക്കായി തുറന്നുകൊടുത്തിരുന്നു

Update: 2022-01-23 15:37 GMT
Editor : Shaheer | By : Web Desk
Advertising

ഭരണം നിലനിർത്താൻ പരസ്യമായി വർഗീയ കാർഡിറക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാസിയാബാദിൽ ഇന്നു നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സമാജ്‌വാദി പാർട്ടി(എസ്പി)യെയും അഖിലേഷ് യാദവിനെയും ലക്ഷ്യമിട്ട് യോഗി ഹിന്ദു വോട്ട് ഏകീകരണ തന്ത്രമിറക്കിയത്. ഗാസിയാബാദിൽ എസ്പി ഹജ്ജ് ഹൗസ് ആണ് നിർമിച്ചതെങ്കിൽ ബിജെപി ഭരണത്തിൽ കൈലാസ് മാനസരോവർ തീർത്ഥാടകർക്കായി പ്രത്യേക ഭവനമാണുണ്ടാക്കിയതെന്ന് യോഗി പറഞ്ഞു. എസ്പിയും അഖിലേഷും ന്യൂനപക്ഷപ്രീണനമാണ് നടത്തുന്നതെന്നും യോഗി ആരോപിച്ചു.

കൈലാസ-മാനസരോവർ തീർത്ഥാടകർക്കുള്ള ഇടത്താവളമായാണ് യോഗി സർക്കാർ നാലുനില കെട്ടിടം നിർമിച്ചത്. ഇന്ദിരാപുരത്താണ് മാനസരോവർ ഭവൻ എന്ന പേരിൽ കെട്ടിടം പണികഴിപ്പിച്ചത്. 2016ൽ അഖിലേഷ് യാദവ് സർക്കാർ അഅ്‌ലാ ഹസ്രത്ത് ഹജ്ജ് ഹൗസ് എന്ന പേരിൽ ഏഴുനില കെട്ടിടം ഹജ്ജ് തീർത്ഥാടകർക്കായി തുറന്നുകൊടുത്തിരുന്നു. ഒരേസമയം 10,000ത്തോളം പേരെ ഉൾക്കൊള്ളുന്നതാണ് ഹജ്ജ് ഹൗസ്. ഹജ്ജ് സീസൺ കഴിഞ്ഞാൽ മത്സരപരീക്ഷകൾക്കടക്കമുള്ള കോച്ചിങ് കേന്ദ്രമായാണ് കെട്ടിടം പ്രവർത്തിക്കുന്നത്.

ഹിന്ദുവോട്ട് ഏകീകരണം ലക്ഷ്യമിട്ട് അഖിലേഷിനെതിരെ കടുത്ത ആക്രമണമാണ് യോഗി നടത്തുന്നത്. അഖിലേഷ് ഭരണത്തിൽ ഖബറിസ്ഥാനു വേണ്ടിയാണ് പൊതുമുതൽ ചെലവഴിച്ചതെന്നായിരുന്നു കഴിഞ്ഞ മാസം അയോധ്യയിൽ നടത്തിയ പ്രസംഗത്തിൽ യോഗി വിമർശിച്ചത്. ഉറുദു ഭാഷയ്ക്കു വേണ്ടും പണം ചെലവിട്ടു. എന്നാൽ, തങ്ങൾ ക്ഷേത്ര പുനരുദ്ധാരണത്തിനും സംസ്‌കൃത ഭാഷയ്ക്കും വേണ്ടിയാണ് പണം ചെലവാക്കുന്നതെന്നായിരുന്നു യോഗിയുടെ അവകാശവാദം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ പ്രീണനരാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും മുൻപ് ഒരു പ്രസ്താവനയിൽ യോഗി അവകാശപ്പെട്ടിരുന്നു. 2017നുമുൻപ് യുപിയിൽ എല്ലാവർക്കും റേഷൻ ലഭിക്കുമായിരുന്നില്ല. 'അബ്ബാ ജാൻ' എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവർക്കു മാത്രമായിരുന്നു റേഷൻ ലഭിച്ചിരുന്നതെന്നും യോഗി ആരോപിച്ചു.

Summary: "Earlier, Haj House was built in Ghaziabad, our government built a building of Kailash Mansarovar", Yogi Adityanath attacks Akhilesh Yadav

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News