മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: രാഹുൽ ഗാന്ധിയെ ചർച്ചക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 'മാച്ച് ഫിക്സിങ്' നടന്നുവെന്ന ആരോപണം സമൂഹമാധ്യമങ്ങളിലൂടെയും രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു
ന്യൂഡല്‍ഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യം വിശദീകരിക്കുന്ന കത്ത്, ജൂൺ 12ന് രാഹുലിന് അയച്ചു.
ചർച്ചയ്ക്കുള്ള തീയതി അറിയിക്കാൻ നിർദേശിച്ചാണ് കത്തയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും പരാതികളുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
തെരഞ്ഞെടുപ്പു കമ്മിഷനെതിരെ വിവിധ മാധ്യമങ്ങളിൽ ലേഖനമെഴുതിയ രാഹുൽ ഗാന്ധി, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ‘മാച്ച് ഫിക്സിങ്’ നടന്നുവെന്ന ആരോപണം സമൂഹമാധ്യമങ്ങളിലൂടെയും ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം, വോട്ടർ റജിസ്റ്റർ, പോളിങ് ശതമാനം എന്നിവയിൽ തിരിമറി നടത്തിയും, കള്ളവോട്ടിലൂടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.
മഹാരാഷ്ട്രയിൽ സംഭവിച്ചത് ഇനി ബിഹാറിലും, ബിജെപി പരാജയപ്പെടാൻ സാധ്യതയുള്ള മറ്റിടങ്ങളിലും ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങൾക്കു പിന്നാലെ അത് തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിഷയം ചര്‍ച്ച ചെയ്യാം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.