തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമ; ചെയ്യുന്നത് സമാനതയില്ലാത്ത കാര്യങ്ങൾ: ഉദ്ധവ് താക്കറെ

പാർട്ടിയുടെ ചിഹ്നം മോഷണം പോയെന്നും മോഷ്ടാക്കളെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും ഷിൻഡെ പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു.

Update: 2023-02-18 12:49 GMT

Uddhav Thackeray

Advertising

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ അടിമയായി മാറിയെന്നും ചരിത്രത്തിൽ സമാനതയില്ലാത്ത പ്രവർത്തനങ്ങളാണ് അവർ ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്ധവിന്റെ വിമർശനം.



താക്കറെമാരുടെ കുടുംബവീടായ മാതോശ്രീയുടെ പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഉദ്ധവിന്റെ പ്രസംഗം. പാർട്ടിയുടെ ചിഹ്നം മോഷണം പോയെന്നും മോഷ്ടാക്കളെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും ഷിൻഡെ പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉദ്ധവിന്റെ പിതാവ് ബാൽ താക്കറെ 1966ൽ രൂപീകരിച്ച ശിവസേനയുടെ പേരും ചിഹ്നയും വെള്ളിയാഴ്ചയാണ് ഷിൻഡെ പക്ഷത്തിന് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. കഴിഞ്ഞ എട്ട് മാസത്തോളമായി തുടരുന്ന സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെടുത്ത തീരുമാനം ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്.

അന്തിമ തീരുമാനമെടുക്കാൻ സുപ്രിംകോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന് ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News