യുപിയില്‍ ഭരണത്തുടര്‍ച്ച; പഞ്ചാബില്‍ എഎപി തരംഗം, നിലംപറ്റി കോണ്‍ഗ്രസ്

പ്രവചനങ്ങള്‍ തെറ്റിയില്ല, എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

Update: 2022-03-10 10:59 GMT
Editor : Jaisy Thomas | By : Web Desk

പ്രവചനങ്ങള്‍ തെറ്റിയില്ല, എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നാലിടത്തും ബി.ജെ.പി തന്നെയാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്. കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ കോട്ടയായ പഞ്ചാബില്‍ മാത്രമാണ് കാവി പുതയ്ക്കാതിരുന്നത്. ഇവിടെ കോണ്‍ഗ്രസിനെ അട്ടിമറിച്ചുകൊണ്ട് ആം ആദ്മി തരംഗത്തിനാണ് പഞ്ചാബ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.

Advertising
Advertising

രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ തുടക്കം മുതലേ ഭരണകക്ഷിയായ ബി.ജെ.പി മുന്നേറിക്കൊണ്ടിരുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ പ്രധാന എതിരാളിയായ സമാജ്‍വാദി പാര്‍ട്ടിക്ക് സാധിച്ചില്ല. വോട്ടെണ്ണല്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് വളരെ കുറച്ചു സീറ്റുകളില്‍ ലീഡ് നിലനിര്‍ത്താനായത്. 403 സീറ്റുകളില്‍ 263 സീറ്റുകളിലാണ് യുപിയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച അഖിലേഷ് യാദവിന്‍റെ എസ്.പിക്ക് 127 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. കോണ്‍ഗ്രസും ബിഎസ്പിയും ആറ് സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുപാര്‍ട്ടികള്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

വലിയൊരു രാഷ്ട്രീയ മാറ്റത്തിന്‍റെ വരവറിയിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നും പഞ്ചാബിനെ തൂത്തെറിഞ്ഞിരിക്കുകയാണ് ആം ആദ്മി. പടലപ്പിണക്കങ്ങളും ആഭ്യന്തര കലഹവും കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിച്ചപ്പോള്‍ അട്ടിമറി വിജയം നേടിയിരിക്കുകയാണ് ആപ്പ്. 117 സീറ്റുകളില്‍ 91 മണ്ഡലങ്ങളില്‍ എഎപി സ്ഥാനാര്‍ഥികള്‍ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ 16 സീറ്റിലേക്കു മാത്രമായി ചുരുങ്ങി. ബി.ജെ.പിക്ക് മൂന്നും ശിരോമണി അകാലിദളിന് ആറും സീറ്റാണ് ലഭിച്ചത്.

ഉത്തരാഖണ്ഡില്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ബി.ജെ.പി ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.70 അംഗ നിയമസഭയില്‍ ലീഡ് നിലയില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു. 47 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നിലാണ്.കോണ്‍ഗ്രസ് 20 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഒരിടത്തും ലീഡ് നേടാനായിട്ടില്ല.

ഗോവയില്‍ ആദ്യം കോണ്‍ഗ്രസിനായിരുന്നു ലീഡെങ്കിലും പതിയെപതിയെ ബി.ജെ.പി കളം പിടിച്ചെടുക്കുകയായിരുന്നു. 18 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 12 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. ആദ്യം പിന്നിലായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇപ്പോള്‍ ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്. മണിപ്പൂരിലും കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വകയൊന്നുമില്ല. ഇവിടെ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 26 സീറ്റിലാണ് ബി.ജെ.പിക്ക് ലീഡ്. ഇതോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. 11 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാനായത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News