എമ്പുരാൻ വിവാദം; പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ
ചിത്രത്തിനെതിരെയുള്ള പ്രചാരണം അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് നോട്ടീസിൽ എംപിമാർ ചൂണ്ടിക്കാട്ടുന്നു
ഡൽഹി: എമ്പുരാൻ വിഷയത്തിൽ പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ. വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ്, എ.എ റഹീം, ഹൈബി ഈഡൻ, ബെന്നി ബഹ്നാൻ, പി.സന്തോഷ് കുമാർ, ഉൾപ്പെടെയുള്ള എംപിമാർ നോട്ടീസ് നൽകി.
ചിത്രത്തിനെതിരെയുള്ള പ്രചാരണം അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് നോട്ടീസിൽ എംപിമാർ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭയിൽ നോട്ടീസ് തള്ളിയതോടെ ഇടത് എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എമ്പുരാന്‍ സിനിമക്കെതിരെ ഭീഷണി ഉയര്‍ത്തുന്നുവെന്ന് രാജ്യസഭയിൽ ബിഹാര്‍ എംപി മനോജ് ഝാ പറഞ്ഞു. ലോക്സഭയിലും സ്പീക്കർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ലോക്സഭ 2 മണി വരെ പിരിഞ്ഞു.
അതേസമയം മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ചവർക്കാണ് എമ്പുരാൻ സിനിമ കാണുമ്പോൾ പൊള്ളുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. യുവാക്കളെ എങ്ങനെ ന്യൂനപക്ഷ വർഗീയതയിലെത്തിക്കുന്നു എന്നും സിനിമയിലുണ്ട്. എന്തിനാണ് സംഘപരിവാർ ഇത്ര കോലാഹലം സൃഷ്ടിക്കുന്നതെന്നും മന്ത്രി ചോദിച്ചു.