'എഎപിയുടെ ഒടുക്കത്തിന്റെ തുടക്കം'; ഡൽഹിയിലെ തോൽവിക്ക് ഉത്തരവാദി കെജ്‌രിവാളെന്ന് പ്രശാന്ത് ഭൂഷൺ

ആം ആദ്മി പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായ പ്രശാന്ത് ഭൂഷണെ 2015ലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

Update: 2025-02-09 11:06 GMT

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തോൽവിക്ക് ഉത്തരവാദി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ തെറ്റായ നയങ്ങളാണെന്ന് സുപ്രിംകോടതി അഭിഭാഷകനും പാർട്ടിയുടെ സഹസ്ഥാപകനുമായ പ്രശാന്ത് ഭൂഷൺ. സമാന്തര രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി സുതാര്യവും ജനാധിപത്യപരവുമായി രൂപീകരിക്കപ്പെട്ട ഒരു പാർട്ടിയുടെ സ്വഭാവം കെജ്‌രിവാൾ മാറ്റിയതാണ് തകർച്ചക്ക് കാരണമെന്ന് പ്രശാന്ത് ഭൂഷൺ എക്‌സിൽ കുറിച്ചു.

Advertising
Advertising

''ഡൽഹിയിൽ എഎപിയുടെ തോൽവിക്ക് കെജ്‌രിവാൾ ആണ് ഉത്തരവാദി. സമാന്തര രാഷ്ട്രീയത്തിന്റെ ഭാഗമായി സുതാര്യവും ജനാധിപത്യപരവുമായി രൂപീകരിക്കപ്പെട്ട പാർട്ടിയെ കെജ്‌രിവാൾ തന്റെ ഏകാധിപത്യത്തിന് കീഴിലുള്ള ഒരു സംവിധാനമാക്കി മാറ്റി. അത് സുതാര്യതയില്ലാത്തതും അഴിമതി നിറഞ്ഞതുമായിരുന്നു. ലോക്പാൽ രൂപീകരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല സ്വന്തം ലോക്പാലിനെ പിരിച്ചുവിടുകയും ചെയ്തു. തനിക്ക് താമസിക്കാനായി 45 ഏക്കറിൽ ശീശ് മഹൽ നിർമിച്ച കെജ്‌രിവാൾ ആഡംബര കാറുകളിൽ യാത്ര ചെയ്യാനും തുടങ്ങി. ഡൽഹിയിലെ തോൽവി എഎപിയുടെ ഒടുക്കത്തിന്റെ തുടക്കമാണ്-പ്രശാന്ത് ഭൂഷൺ എക്‌സിൽ കുറിച്ചു.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അന്നാ ഹസാരെയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' എന്ന സംഘടനയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നവരാണ് കെജ്‌രിവാളും പ്രശാന്ത് ഭൂഷണും. 2012ൽ കെജ്‌രിവാൾ ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോഴും കൂടെ പ്രശാന്ത് ഭൂഷൺ ഉണ്ടായിരുന്നു.

സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് 2015ലാണ് പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും എഎപി അച്ചടക്ക സമിതി പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. അന്ന് കെജ്‌രിവാളിനെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്നകത്ത് വീണ്ടും പ്രശാന്ത് ഭൂഷൺ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News