എഫ്സിആർഎ ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയിൽ; മധ്യകേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിക്ക് തിരിച്ചടി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ ബില്ലിനെതിരേ സംസാരിക്കും

Update: 2026-04-01 02:04 GMT

ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്സിആർഎ ഭേദഗതി ബില്ല് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലോക്‌സഭയിൽ ചർച്ചയ്ക്ക് വരും. കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഭേദഗതി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ ബില്ലിനെതിരേ സംസാരിക്കും. യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധ ധർണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Advertising
Advertising

എഫ്സിആർഎ ക്രമക്കേടുകൾ ആരോപിച്ച് സംഘടനകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ, വിദേശ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാൻ അധികാരമുള്ള ഒരു 'അതോറിറ്റിയെ' നിയമിക്കുന്നതാണ് പുതിയ ഭേദഗതി. കേന്ദ്ര സർക്കാർ നേരിട്ട് നിയമിക്കുന്ന ഈ അതോറിറ്റിക്ക് സംഘടനകളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികാരം ലഭിക്കുന്നത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ നീക്കം ന്യൂനപക്ഷ വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സിബിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖേനയാണ് സഭ കത്തയച്ചത്.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ, കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകൾക്ക് വലിയ സ്വാധീനമുള്ള മധ്യകേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് ഇത് മങ്ങലേൽപ്പിച്ചേക്കാം. സഭകളും ബിഷപ്പുമാരും പരസ്യമായി രംഗത്തെത്തിയതോടെ യുഡിഎഫും എൽഡിഎഫും ഈ വിഷയം പ്രധാന തെരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റിയിരിക്കുകയാണ്. വിശുദ്ധ വാരത്തിൽ പരീക്ഷകൾ നിശ്ചയിച്ചത് ഉൾപ്പെടെയുള്ള മുൻപത്തെ നടപടികൾക്ക് പിന്നാലെ വന്ന ഈ ഭേദഗതി 'ക്രൈസ്തവ വിരുദ്ധ' നടപടിയായി സഭകൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

തൃശൂർ മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ ശരാശരി 30 ശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വെച്ച് പി.സി. ജോർജിനെയും ട്വൻറി 20യെയും ഒപ്പം കൂട്ടി ബിജെപി നടത്തുന്ന നീക്കങ്ങളെ ഭേദഗതി ദോഷകരമായി ബാധിച്ചേക്കാം. നേരത്തെ ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചിരുന്ന വിഭാഗങ്ങൾ പോലും ഈ നിയമഭേദഗതിയോടെ അകലുന്ന സാഹചര്യമാണ് നിലവിലുള്ളത്. തൃശൂരിലടക്കം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ച വോട്ട് ബാങ്കിൽ ഈ നീക്കം വിള്ളലുണ്ടാക്കുമെന്ന് മുന്നണികൾ കരുതുന്നു.

നിലവിൽ ബിജെപി നേതാക്കൾ ഈ വിഷയത്തിൽ കടുത്ത സമ്മർദ്ദത്തിലാണ്. വിദേശ സംഭാവന സ്വീകരിക്കുക എന്നത് ഒരു അവകാശമല്ല, മറിച്ച് സർക്കാർ നൽകുന്ന ഔദാര്യമാണെന്നാണ് കേന്ദ്രമന്ത്രിയും കാഞ്ഞിരപ്പിള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ജോർജ് കുര്യൻ പ്രതികരിച്ചത്. എന്നാൽ ഭൂരിഭാഗം ബിജെപി നേതാക്കളും ഈ വിഷയത്തിൽ മൗനം തുടരുകയാണ്. ഇതിനിടെ, കൂടംകുളം സമരത്തിലടക്കം വിദേശ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തി പ്രതിരോധിക്കാനാണ് ബിജെപി അനുകൂലികൾ ശ്രമിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News