സദസ്സില്‍ നിന്ന് പ്രതിഷേധം, ബഹളം; നിര്‍മ്മല സീതാരാമൻ്റെ പ്രസംഗം തടസ്സപ്പെട്ടു
സദസ്സിലുണ്ടായിരുന്നവര്‍ തൊഴിലവസരങ്ങള്‍ ആവശ്യപ്പെട്ടാണ് കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു
വിശാഖപട്ടണം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് ബഹളവും മുദ്രാവാക്യവും. ഇതോടെ മന്ത്രിക്ക് പ്രസംഗം താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നു. ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് സംഭവം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തന്നെ നേരിട്ട് ഇടപെട്ടാണ് സദസ്സിലുണ്ടായിരുന്നവരെ ശാന്തരാക്കിയത്. സംഭവത്തില്‍ രാഷ്ട്രീയ വിവാദവും ഉയരുകയാണ്.
ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. മദനപ്പള്ളിയിലെ അണ്ണാമയ്യയില്‍ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു നിര്‍മല. ഇതിനിടെയാണ് സദസ്സില്‍ നിന്ന് മന്ത്രിക്കെതിരെ ബഹളവും ആക്രോശവും ഉയര്‍ന്നത്. ധനമന്ത്രിക്ക് പ്രസംഗം നിര്‍ത്തി മാറിനില്‍ക്കേണ്ടിവന്നു. ഇതോടെ ഇടപെട്ട ചന്ദ്രബാബു നായിഡു, കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ കാര്യങ്ങളാണ് കേന്ദ്ര മന്ത്രി പറയുന്നതെന്ന് ചൂണ്ടിക്കാട്ടി ജനങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചു. പരിപാടിക്ക് ശേഷം താനും ഉപമുഖ്യമന്ത്രി പവന്‍കുമാറും നിങ്ങളുടെ ഏത് ആവശ്യവും കേള്‍ക്കാമെന്നും മുഖ്യമന്ത്രി പറയുന്നുണ്ടായിരുന്നു.
നിര്‍മല സീതാരാമന്റെ പ്രസംഗം തടസപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സദസ്സിലുണ്ടായിരുന്നവര്‍ തൊഴിലവസരങ്ങള്‍ ആവശ്യപ്പെട്ടാണ് കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു. ജനരോഷം കാരണമാണ് ധനമന്ത്രിക്ക് പ്രസംഗം നിര്‍ത്തേണ്ടി വന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍, ഇതിന് മറുപടിയുമായി നിര്‍മ്മലാ സീതാരാമനും ചന്ദ്രബാബു നായിഡുവും രംഗത്തെത്തി. നേതാക്കളെ കാണാനുള്ള ആവേശത്തില്‍ ജനം ബഹളമുണ്ടാക്കിയതാണെന്നും, ചടങ്ങിനുശേഷം നേരിട്ട് കാണാമെന്ന് പറഞ്ഞ് അവരെ ശാന്തരാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു വിശദീകരണം.