യുപിയിൽ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു

ബജ്‌രംഗ്ദൾ പ്രവര്‍ത്തകന്‍റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്

Update: 2025-06-17 11:38 GMT
Editor : Jaisy Thomas | By : Web Desk

ലഖ്നൗ: ഉത്തര്‍പ്രദേശിൽ പട്ടികജാതിക്കാരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് മലയാളി പാസ്റ്റർ ഉൾപ്പെടെ രണ്ട് പേരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌രംഗ്ദൾ പ്രവര്‍ത്തകന്‍റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

നിലവിൽ സാഹിബാബാദിൽ താമസിക്കുന്ന വിനോദ് കുഞ്ഞുമോൻ, ഗസിയാബാദിലെ രാഹുൽ വിഹാറിൽ താമസിക്കുന്ന പ്രേംചന്ദ് ജാതവ് എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. എന്നാൽ മതപരിവർത്തനം നടന്നിട്ടില്ലെന്നും എല്ലാ ഞായറാഴ്ചയും ജാതവിന്‍റെ വീട്ടിൽ പ്രാർഥനകൾ മാത്രമേ നടന്നിരുന്നുള്ളുവെന്നും അയൽവാസികൾ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വരെ പണം നല്‍കി ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കാന്‍ പാസ്റ്റര്‍ വിനോദ് ശ്രമിച്ചു എന്നാണ് പ്രാദേശിക ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ പാസ്റ്റര്‍ പണം നല്‍കി മതപരിവര്‍ത്തനം നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസിപി പ്രീയര്‍ഷി പാല്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

പ്രേംചന്ദ് ജാതവിന്‍റെ വീട്ടില്‍ വെച്ച് മതപരിവര്‍ത്തനം നടത്തിയെന്നാണ് പരാതിക്കാരനായ ബജ്‌രംഗ്ദൾ പ്രവര്‍ത്തകന്‍ പ്രബാല്‍ ഗുപ്തയുടെ ആരോപണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് ചേര്‍ന്ന വ്യക്തിയാണ് പ്രേംചന്ദ്. പണം വാങ്ങി മതപരിവര്‍ത്തനം നടത്താന്‍ പാസ്റ്ററിന് വേണ്ട ഒത്താശകള്‍ ഇയാള്‍ ചെയ്യുന്നുവെന്നാണ് പരാതിയില്‍ ഗുപ്ത ആരോപിക്കുന്നത്. മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്ന ഒറ്റനില വീട് അടച്ചുപൂട്ടുകയും ഗേറ്റുകൾക്ക് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. 30 വര്‍ഷങ്ങൾക്ക് മുന്‍പാണ് ജാതവ് ഈ വീട് നിര്‍മിച്ചതെന്ന് അയൽക്കാരനായ സതീഷ് ആനന്ദ് പറഞ്ഞു. മതപരിവര്‍ത്തന ആരോപണങ്ങൾ ഇദ്ദേഹം നിഷേധിക്കുകയും ചെയ്തു.

ജാതവ് ഒരു ഡയറി ഫാം നടത്തുകയാണെന്നും പ്രദേശത്ത് എരുമപ്പാൽ വിതരണം ചെയ്തിരുന്നുവെന്നും മറ്റൊരു അയൽവാസി വ്യക്തമാക്കി. "മൂന്ന് വർഷം മുമ്പ് അദ്ദേഹം ഒരു സൈൻബോർഡ് സ്ഥാപിച്ചു. അതിനുശേഷം, പ്രദേശത്തുള്ള എല്ലാവരും ഇതിനെ ഒരു പള്ളി എന്ന് വിളിക്കാൻ തുടങ്ങി," അവർ അവകാശപ്പെട്ടു. എന്നാൽ ഗുപ്ത രാഹുൽ വിഹാർ വീടിനുള്ളിൽ ഒരു പള്ളി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായി അവകാശപ്പെട്ടു.

കഴിഞ്ഞ ഏപ്രിലിൽ ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തിരുന്നു. കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള നഴ്സിങ് കോളജ് പ്രിന്‍സിപ്പലായ ബിന്‍സിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News