3000 രൂപയില്‍ കൂടുതല്‍ യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണോ? ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

നിലവിലുള്ള സിറോ എംഡിആര്‍ നയം മാറ്റി വലിയ ഇടപാടുകള്‍ക്ക് ഉടന്‍ മര്‍ച്ചന്റ് ഫീസ് ഈടാക്കി തുടങ്ങും

Update: 2025-06-11 06:20 GMT

ന്യൂഡല്‍ഹി: 3000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികളില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് വീണ്ടും പുനരവതരിപ്പിക്കുന്ന തരത്തിലുള്ള ഒരു നയമാറ്റമാണ് പരിഗണിക്കുന്നത്. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ വ്യാപാരികളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും പേയ്‌മെന്റ് പ്രോസസ്സിങ് കമ്പനിക്ക് നല്‍കേണ്ട ഒരു ഫീസാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്. നയം പ്രാബല്യത്തില്‍ വന്നാല്‍ 3000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തന ചെലവും കൈകാര്യം ചെയ്യുന്നതില്‍ ബാങ്കുകളെയും പേയ്‌മെന്റ് സേവനദാതാക്കളെയും പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.

Advertising
Advertising

ഇതിനായി വ്യാപാരികളുടെ വിറ്റുവരവിനേക്കാള്‍ ഇടപാട് മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആര്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചെറിയ ടിക്കറ്റ് യുപിഐ പേയ്‌മെന്റുകള്‍ക്ക് ഇളവ് ഉണ്ടായിരിക്കുമെങ്കിലും നിലവിലുള്ള സിറോ എംഡിആര്‍ നയം മാറ്റികൊണ്ട് വലിയ ഇടപാടുകള്‍ക്ക് ഉടന്‍ മര്‍ച്ചന്റ് ഫീസ് ഈടാക്കി തുടങ്ങും.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സാമ്പത്തിക സേവന വകുപ്പ്, സാമ്പത്തിക കാര്യ വകുപ്പു അധികൃതരുമായി അടിയന്തര യോഗം ചേര്‍ന്നു. ഉയര്‍ന്ന മൂല്യമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും സര്‍ക്കാരിനോട് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. എല്ലാ റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെയും ഏകദേശം 80 ശതമാനവും ഡിജിറ്റല്‍ ഇടപാടുകളാണ്. യുപിഐ വഴിയുള്ള വ്യക്തി- വ്യാപാര ഇടപാടുകള്‍ 60 ലക്ഷം കോടിയിലേക്ക് എത്തിയിരിക്കുകയാണ്. യുപിഐ ഇടപാടുകളിലുള്ള ആളുകളുടെ വിശ്വസം വര്‍ധിച്ചതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാലാണ് നയം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.

യുപി ഐ ഇടപാടുകള്‍ക്കായി വന്‍കിട വ്യാപാരികളില്‍ നിന്നായി 0.03 ശതമാനം എംഡിആര്‍ ഈടാക്കാനാണ് പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. നിലവില്‍ റുപേയ് ഒഴികെ ക്രഡിറ്റ്, ഡെബിറ്റ് പേയ്‌മെന്റുകളുടെ എംഡിആര്‍ 0.9 ശതമാനം മുതല്‍ 2 ശതമാനം വരെയാണ്. ഓഹരി ഉടമകള്‍, ബാങ്കുകള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍, നാഷണല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം രണ്ടു, മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം പ്രാവര്‍ത്തികമാക്കും.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News