ഫുലെയുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർവകലാശാലകൾക്ക് നിർദേശം

രാഷ്ട്രീയ നേട്ടങ്ങൾക്കായി പിന്നാക്ക വിഭാ​ഗങ്ങളെ ആകർഷിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വിമർശനം ഉയരുന്നുണ്ട്

Update: 2025-09-28 15:58 GMT

ജ്യോതിബ ഫുലെയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർചനയർപ്പിക്കുന്ന ഡൽഹി സ്പീക്കർ വിജേന്ദർ ​ഗുപ്ത | Photo | PTI

ന്യൂഡൽഹി: സാമൂഹിക പരിഷ്കർത്താവും ആക്ടിവിസ്റ്റുമായിരുന്ന ജ്യോതിബാ ഫുലെയുടെ ജീവിതവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ തയ്യാറാക്കാൻ സർവകലാശാലകൾക്ക് കേന്ദ്ര നിർദേശം. സാമൂഹിക നീതി, അംബേദ്കറുടെ ആദർശങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സംഘടനയായ ഡോ.അംബേദ്കർ ഫൗണ്ടേഷനാണ് സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി പിന്നാക്ക വിഭാ​ഗങ്ങളെ ആകർഷിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വിമർശനം ഉയരുന്നുണ്ട്.

ഫുലെയുടെ ഇരുനൂറാം ജന്മവാർഷികം സർക്കാർ ആഘോഷിക്കുമെന്ന് സ്വാതന്ത്യദിന പ്രസം​ഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. വിഷയത്തിൽ ബിജെപിയുടെ ആത്മാർഥതയെ ചോദ്യം ചെയ്ത് പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യാ സെക്രട്ടറി ബി.ഡി ബോർക്കർ രം​ഗത്തെത്തി. “ഫുലെ“ സിനിമയുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധങ്ങളെയും ബോർക്കർ പരാമർശിച്ചു.

വലതുപക്ഷ ​ഗ്രൂപ്പുകളുടെ പ്രതിഷേധത്തെതുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമയിലെ നിരവധി രം​ഗങ്ങൾ നീക്കം ചെയ്തിരുന്നു. സർക്കാർ ചെയ്യുന്നത് രാഷ്ട്രീയമാണ്. ആർഎസ്എസും ബിജെപിയും ഒരിക്കലും അംബേദ്കറെയും ഫുലെയെയും ആദരിച്ചിട്ടില്ല ദലിതരും ബഹുജനങ്ങളും ഫുലെയെ ഒരു ഐക്കണായി അം​ഗീകരിച്ചിട്ടുണ്ട്. ഇത് ബിജെപിക്കും ആർഎസ്എസിനും വെല്ലുവിളിയാണ്. ദലിത്, ഒബിസി വിഭാ​ഗക്കാരെ ആകർഷിക്കാനാണ് ബിജെപി ഇപ്പോൾ ഇത് ചെയ്യുന്നതെന്നും ബോർക്കർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News