തലയിൽ എണ്ണ തേയ്ക്കാത്തതിന് വിദ്യാര്‍ഥിനിയുടെ മുടി ബ്ലേഡ് കൊണ്ട് മുറിച്ചു; ഗുജറാത്തിൽ അധ്യാപകനെ പിരിച്ചുവിട്ടു
ഹെയർ ഓയിൽ പുരട്ടിയിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബ്ലേഡ് ഉപയോഗിച്ചാണ് അധ്യാപകൻ കുട്ടിയുടെ മുടി മുറിച്ചത്
ജാംനഗര്‍: തലയിൽ എണ്ണ പുരട്ടാത്തതിന് അധ്യാപകൻ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു. ഗുജറാത്ത് ജാംനഗറിലെ സ്വാമിനാരായൺ ഗുരുകുൽ സ്‌കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പരാതി ഉയര്‍ന്നതിന് പിന്നാലെ പരാതിയെ തുടർന്ന് അധ്യാപനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.
ഹെയർ ഓയിൽ പുരട്ടിയിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബ്ലേഡ് ഉപയോഗിച്ചാണ് അധ്യാപകൻ കുട്ടിയുടെ മുടി മുറിച്ചത്. സംഭവത്തെത്തുടർന്ന് മാതാപിതാക്കൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് രേഖാമൂലം പരാതി നൽകുകയും വിദ്യാഭ്യാസ വകുപ്പ് ഉടൻ നടപടി സ്വീകരിക്കുകയുമായിരുന്നു. മുന്‍പും വിവാദങ്ങളിലൂടെ വാര്‍ത്തകളിൽ ഇടംപിടിച്ചിട്ടുള്ള സ്കൂളാണ് ഗുരുകുൽ സ്‌കൂൾ. സ്കൂളിലെ ശിക്ഷാരീതി കഠിനമാണെന്ന് വിദ്യാര്‍ഥിയുടെ അമ്മ അഞ്ജലിബെൻ ഗന്ധ പറഞ്ഞു. "കുട്ടികൾ പലപ്പോഴും സ്കൂളിൽ നിസ്സാരകാര്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നു. ഒരു കുട്ടി ഒരു പുസ്തകം മറന്നുപോയാൽ പോലും അവരെ ക്രൂരമായി ശിക്ഷിക്കുകയാണ്. സ്കൂളിന്‍റെ പേര് കേട്ടാൽ പോലും കുട്ടികൾക്ക് ഭയമാണ്'' അഞ്ജലി കൂട്ടിച്ചേര്‍ത്തു.
സ്വാമിനാരായണ ഗുരുകുലത്തിലെ വിദ്യാഭ്യാസ ഡയറക്ടർ ശശിബെൻ ദാസ് പിരിച്ചുവിടൽ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ സ്കൂളിൽ മുടി നീട്ടിവളര്‍ത്താൻ അനുവാദമില്ലെന്നും എന്നാൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കുട്ടിയുടെ മുടി മുറിച്ചതുകൊണ്ടാണ് പിരിച്ചുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ന്, ജാംനഗറിലെ രണ്ട് സ്കൂളുകളിൽ നിന്ന് പരാതികൾ ലഭിച്ചു. കുട്ടികളുടെ മുടി മുറിച്ചതുമായി ബന്ധപ്പെട്ടതാണ് പരാതി. മറ്റ് സ്കൂളുകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ രണ്ട് സ്കൂളുകളിലെയും അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.”ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിപുല്‍ മേത്ത പറഞ്ഞു. രണ്ട് കേസുകളിലും വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.