നർവാളിനെ കൊലപ്പെടുത്തിയത് ചാർജർ കേബിൾ ഉപയോഗിച്ച്; കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തർക്കം
മൊബൈൽ ചാർജർ കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ്
ചണ്ഡീഗഢ്: ഹരിയാനയിലെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. സച്ചിൻ എന്നയാളാണ് അറസ്റ്റിലായത്.
മൊബൈൽ ചാർജർ കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് നയിച്ചതായാണ് നിഗമനം.
ഹരിയാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് രണ്ട് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടിയത്. ഹിമാനി നര്‍വാളിന്റെ സുഹൃത്ത് കൂടിയായ സച്ചിനെ ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ച ഹിമാനിയുടെ വസതിയിലെത്തിയ പ്രതിയും, ഹിമാനിയും തമ്മിൽ തർക്കം ഉണ്ടാവുകയും പിന്നാലെ ഫോണിന്റെ ചാർജർ കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ശേഷം ആഭരണവും ഫോണും മോഷ്ടിച്ച പ്രതി, മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ഹിമാനി നര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിൽ കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സജീവമായിരുന്ന ഹിമാനിക്ക് ഹൂഡ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്.
ഝജ്ജറില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നയാളാണ് സച്ചിനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ വിവാഹിതനാണ്. ഹിമാനി നര്‍വാളുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പ്രതി പരിചയം സ്ഥാപിച്ചത്.