ഗ്രീഷ്മ തരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ; താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നു
കിഴക്കൻ രാജസ്ഥാൻ, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കടുത്ത ഉഷ്ണ തരംഗമുണ്ടായി
ഡൽഹി: ഗ്രീഷ്മ തരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ. ഉയർന്ന താപനില അൻപത് ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ താപനില, 49.4 ഡിഗ്രി സെൽഷ്യസിലെത്തി.
കിഴക്കൻ രാജസ്ഥാൻ, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറൻ രാജസ്ഥാനിലായിരുന്നു. ഡൽഹി സഫ്ദർജംഗിൽ ഏറ്റവും ഉയർന്ന താപനില, 41 ദശാംശം 4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.എന്നാൽ ഉയർന്ന ഈർപ്പവും ചൂട് കാറ്റും കാരണം താപനില 51 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് അനുഭവപ്പെടുന്നത്. ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ.
സൂര്യാഘാതമേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദി,ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച ആരുടെയും നില ഗുരുതരമല്ല.11 മണിക്കും 3 മണിക്കുമിടയിൽ പരമാവധി പുറത്തിറങ്ങാതെ സൂക്ഷിക്കാനാണ് മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ സ്കൂളുകളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജൂൺ 30 വരെ അവധി നൽകി.