ത്രിപുരയിൽ പള്ളി തകർത്ത് ഹിന്ദുത്വ പ്രവർത്തകർ: മദ്യക്കുപ്പികളും ഭീഷണി കുറിപ്പും ബജ്‌റംഗ് ദൾ പതാകയും കണ്ടെത്തി

മനു-ചൗമനു റോഡിൽ സ്ഥിതി ചെയ്യുന്ന മൈനാമ ജാം മസ്ജിദ് ഡിസംബർ 24 വ്യാഴാഴ്ച അജ്ഞാതരായ സംഘം ആക്രമിക്കുകയും മദ്യക്കുപ്പികൾ വെക്കുകയും പള്ളിക്ക് തീയിടാൻ ശ്രമിക്കുകയും ചെയ്തു

Update: 2025-12-28 03:48 GMT

ത്രിപുര: ത്രിപുരയിലെ ധലായ് ജില്ലയിൽ ഹിന്ദുത്വ പ്രവർത്തകർ പള്ളി തകർത്ത് അശുദ്ധമാക്കിയതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. മുസ്‌ലിം സമൂഹത്തെ ഭയപ്പെടുത്താനും അക്രമത്തിന് പ്രേരിപ്പിക്കാനുമുള്ള മനഃപൂർവമായ ശ്രമമാണിതെന്ന് പ്രദേശവാസികളും പള്ളി അധികൃതരും ആരോപിച്ചു.

മനു-ചൗമനു റോഡിൽ സ്ഥിതി ചെയ്യുന്ന മൈനാമ ജാം മസ്ജിദ് ഡിസംബർ 24 വ്യാഴാഴ്ച അജ്ഞാതരായ സംഘം ആക്രമിക്കുകയും മദ്യക്കുപ്പികൾ വെക്കുകയും പള്ളിക്ക് തീയിടാൻ ശ്രമിക്കുകയും ചെയ്തു. ഇമാം പള്ളിയിൽ എത്തി പ്രാർഥന സ്ഥലത്തിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്ത് നിന്ന് ഭീഷണി കുറിപ്പും ബജ്‌റംഗ് ദളുമായി ബന്ധപ്പെട്ട ഒരു പതാകയും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ജയ് ശ്രീ റാം. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്. അടുത്ത തവണ ഇതിനേക്കൾ വലുത് സംഭവിക്കും. ബജ്രംഗ് ദൾ. ജയ് ശ്രീ റാം.' സംഭവത്തെ മൈനാമ ജുമാ മസ്ജിദിലെ ഇമാം അപലപിച്ചു.

Advertising
Advertising

'ഒരു പള്ളിക്കുള്ളിൽ മദ്യക്കുപ്പികൾ വയ്ക്കുന്നത് വിശ്വാസത്തോടുള്ള കടുത്ത അപമാനമാണ്. ഇത് ഒരു യാദൃശ്ചിക സംഭവമല്ല. മതവികാരം വ്രണപ്പെടുത്താനും സംഘർഷം സൃഷ്ടിക്കാനും മനഃപൂർവ്വം ചെയ്തതാണ്.' ഇമാം മൗലാന മുഹമ്മദ് സൈഫുൽ ഇസ്‌ലാം മക്തൂബിനോട് പറഞ്ഞു. 'ഭാഗ്യവശാൽ സംഭവം നടക്കുമ്പോൾ പള്ളിയിൽ ആരുമുണ്ടായിരുന്നില്ല. ഞങ്ങളെല്ലാം പാനിസാഗർ പ്രദേശത്തെ ഒരു പരിപാടിക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോൾ പള്ളിയുടെ ചില ഭാഗങ്ങൾ കത്തിച്ചതായി മനസിലായി. പക്ഷേ അപ്പോഴേക്കും അത് കത്തിനശിച്ചിരുന്നു. കിംഗ്ഫിഷർ മദ്യക്കുപ്പികൾ, 'ജയ് ശ്രീ റാം' എഴുതിയ ഒരു പതാക, ഒരു ഭീഷണി കുറിപ്പ് എന്നിവ അവിടെ ഉണ്ടായിരുന്നു.' ഇമാം കൂട്ടിച്ചേർത്തു.

സംഭവത്തിൽ മസ്ജിദ് കമ്മിറ്റി ചൗമാനു പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ത്രിപുരയിലെ ധലായ് ജില്ലയിലെ മനു-ചൗമാനു റോഡിലുള്ള മൈനാമ ജെയിം മസ്ജിദിൽ ഡിസംബർ 24 ന് ഉച്ചയ്ക്ക് 12:15 ഓടെയാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. കൃത്യസമയത്ത് ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ പള്ളിക്ക് തീയിടാനുള്ള ശ്രമം വലിയൊരു ദുരന്തത്തിലേക്ക് നയിച്ചേനെ എന്നും പ്രദേശവാസികൾ പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News