'പ്രേതബാധ'യകറ്റാന്‍ അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി മര്‍ദനം; വീട്ടമ്മക്ക് ദാരുണാന്ത്യം,മന്ത്രവാദി അറസ്റ്റില്‍

വടികൊണ്ടുള്ള മര്‍ദനത്തിന് പുറമെ തലയിൽ വലിയ കല്ലുകൊണ്ട് ഇടിക്കുകയും തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു

Update: 2025-07-08 10:27 GMT
Editor : Lissy P | By : Web Desk

ബെംഗളൂരു: ശിവമോഗ ജില്ലയിലെ ഹൊസ ജാംബ്രഘട്ട ഗ്രാമത്തിൽ മന്ത്രവാദിനിയുടെ മര്‍ദനത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഹോളെഹോന്നു പൊലീസ് സ്റ്റേഷൻ പരിധിയിലെ എ.വി. ഗീതമ്മയാണ്(45) ദാരുണമായി മരിച്ചത്. സംഭവത്തില്‍ മന്ത്രവാദിനി കെ.ആശയെ ഹോളെഹോന്നു പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട സ്ത്രീയുടെ മകന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആശ ഗീതമ്മയുടെ വീട്ടിലെത്തി മകൻ സഞ്ജയിനോട് മാതാവിന് പ്രേതബാധയുണ്ടെന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.ഇത് വിശ്വസിച്ച സഞ്ജയ് ഇതിനായി അനുവാദം കൊടുത്തു.തുടര്‍ന്ന് മന്ത്രവാദി ഗീതമ്മയെ വടികൊണ്ട് അടിക്കാൻ തുടങ്ങി.ഇതോടൊപ്പം വീടിന് പുറത്ത് ഹോമവും നടത്തുന്നുണ്ടായിരുന്നു.ആത്മാവ് ശരീരത്തിൽ നിന്ന് പുറത്തുപോയിട്ടില്ലെന്ന് പറഞ്ഞ് അടി തുടർന്നു.

Advertising
Advertising

പിന്നീട് ഗീതമ്മയെ ഏകദേശം രണ്ടര കിലോമീറ്റർ അകലെ ഹാലെ ജാംബ്രഘട്ടയിലെ ചൗഡമ്മ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും പുലർച്ചെ രണ്ടര വരെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ  ഗീതമ്മയുടെ തലയിൽ ആശ വലിയ കല്ലുകൊണ്ട് ഇടിക്കുകയും തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഇതോടെ ഗീതമ്മ കുഴഞ്ഞു വീണു. ഗീതമ്മയുടെ ദേഹത്തുണ്ടായിരുന്ന ആത്മാവ് ദേഹം വിട്ടുപോയെന്ന് മന്ത്രവാദി പറഞ്ഞു. ഇനി വീട്ടിലേക്ക് ഗീതമ്മയെ കൊണ്ടുപോകാമെന്നും ഇവര്‍  മകനോട് പറയുകയും ചെയ്തു.

എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഗീതയെ ഹോളെഹൊന്നൂർ ഗവ.ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗീത മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. മന്ത്രവാദി ഗീതമ്മയെ ആക്രമിക്കുന്നതിന്‍റെയും അവര്‍ നിലവിളിക്കുന്നതിന്‍റെയും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.  ശിവമോഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് മിഥുൻ കുമാർ സംഭവസ്ഥലം സന്ദർശിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News