ഇതുവരെ കോവിഡ് വാക്‌സിനെടുത്തിട്ടില്ലെന്ന് അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ ആവശ്യക്കാർക്കെല്ലാം ലഭിക്കുന്നതുവരെ വാക്‌സിനെടുക്കില്ലെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് വ്യക്തമാക്കി. കൈക്കൊട്ടിയും പ്ലേറ്റ് കൊട്ടിയും കൊറോണയെ കൊല്ലാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു

Update: 2021-08-06 16:53 GMT
Editor : Shaheer | By : Web Desk
Advertising

ഇതുവരെ കോവിഡ് വാക്‌സിനെടുത്തിട്ടില്ലെന്ന് സമാജ്‌വാദി പാർട്ടി(എസ്പി) തലവൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ ആവശ്യക്കാർക്കെല്ലാം വാക്‌സിൻ നൽകുന്നതുവരെ ഇങ്ങനെ തന്നെ തുടരുമെന്നും അഖിലേഷ് വ്യക്തമാക്കി. ഇന്ത്യാ ടുഡേ 'പഞ്ചായത്ത് ആജ് തക്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഉൽപാദിപ്പിക്കുന്ന കോവാക്‌സിന് രാജ്യാന്തരതലത്തിൽ അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി അഖിലേഷ് ബിജെപിയെ ആക്രമിച്ചു. അവശ്യ മരുന്നുകളും കിടക്കകളും ഓക്‌സിജനും എത്തിക്കാൻ ഉത്തർപ്രദേശ് സർക്കാരിനാകാത്തതുകൊണ്ട് രണ്ടാം തരംഗത്തിനിടെ ജനങ്ങൾ സ്വയം കരുതലെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ പോലും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ യുപി ഭരണകൂടത്തിനായില്ല. ലോക്ഡൗൺ പ്രഖ്യാപിച്ചതുകാരണം കുടിയേറ്റ തൊഴിലാളികൾക്ക് സ്വന്തം വീടുകളിലേക്ക് കി.മീറ്ററുകളാണ് കാൽനടയായി താണ്ടേണ്ടിവന്നത്. ഈ നടത്തത്തിനിടെ 90ലേറെ തൊഴിലാളികൾ മരിക്കുകയും ചെയ്തു. കൈക്കൊട്ടിയും പ്ലേറ്റ് കൊട്ടിയും കൊറോണയെ കൊല്ലാനാകില്ലെന്നും അഖിലേഷ് പരിഹസിച്ചു.

'ബിജെപി വാക്‌സിൻ' സ്വീകരിക്കില്ലെന്ന് നേരത്തെ അഖിലേഷ് പ്രഖ്യാപിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ വർഷം ആദ്യത്തിൽ കേന്ദ്ര സർക്കാർ കോവിഡ് വാക്‌സിനേഷൻ പരിപാടി ആരംഭിക്കാനിരിക്കെയായിരുന്നു അഖിലേഷിന്റെ പ്രസ്താവന. ബിജെപി വിതരണം ചെയ്യുന്ന വാക്‌സിനിൽ വിശ്വാസമില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News