പരീക്ഷയിൽ കോപ്പിയടിച്ചതിനെ ചൊല്ലി തർക്കം; ബിഹാറിൽ പത്താം ക്ലാസ് വിദ്യാർഥി വെടിയേറ്റു മരിച്ചു
മരിച്ച വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
പട്‌ന: പത്താം ക്ലാസ് പരീക്ഷയിൽ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരു വിദ്യാർഥി വെടിയേറ്റു മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. തർക്കത്തെ തുടർന്ന് ബുധനാഴ്ച വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായി ഉണ്ടായ തർക്കത്തിനിടെയാണ് വിദ്യാർഥിക്ക് വെടിയേറ്റത്.
പരിക്കേറ്റ വിദ്യാർഥികളിൽ ഒരാൾക്ക് കാലിനും രണ്ടാമന് ശരീരത്തിന്റെ പിൻഭാഗത്തുമാണ് വെടിയേറ്റത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥികൾ ചികിത്സയിൽ കഴിയുന്ന നാരായൺ മെഡിക്കൽ കോളജ് ആശുപത്രിയിലും പൊലീസ് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
മരിച്ച വിദ്യാർഥിയുടെ കുടുംബവും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. തങ്ങൾക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇവർ റോഡ് ഉപരോധിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആളുകൾ ശാന്തരായെന്നും പൊലീസ് പറഞ്ഞു.
VIDEO | Bihar: A clash broke out between two groups of matriculation students over cheating in the exam hall in Sasaram, Rohtas district in which one student was shot dead and two were injured.#BiharNews #SasaramViolence
— Press Trust of India (@PTI_News) February 21, 2025
(Full video available on PTI Videos -… pic.twitter.com/g87moSpQrg