രാജസ്ഥാനിൽ യുവാവിനെ ബന്ധു എട്ടുവട്ടം ട്രാക്ടർ കയറ്റിക്കൊന്നു

രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കത്തിനിടെയാണ് സംഭവമെന്ന് പൊലീസ്

Update: 2023-10-26 12:41 GMT
Advertising

ന്യൂഡൽഹി: രാജസ്ഥാനിൽ യുവാവിനെ ബന്ധു എട്ടുവട്ടം ട്രാക്ടർ കയറ്റിക്കൊന്നു. രാജസ്ഥാനിലെ ഭരത്പൂരിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കത്തിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പ്രതി ദാമോദർ തന്റെ ബന്ധു നിർപാതിന്റെ ശരീരത്തിലൂടെ ജീവൻ നഷ്ടപ്പെടുന്നത് വരെ ട്രാക്ടർ കയറ്റിയിറക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് അഡ്ഡ ഗ്രാമത്തിലെ ഗുജ്ജർ വിഭാഗത്തിലാണെന്ന് ഹേറ്റ് ഡിറ്റക്ടർ ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലാണ്.

ഭരത്പൂരിലെ ഒരു ഭൂമിയെച്ചൊല്ലി ബഹദൂർ സിങ്ങിന്റെയും അടാർ സിങ്ങിന്റെയും കുടുംബങ്ങൾ ഏറെ നാളായി തർക്കത്തിലായിരുന്നു. ഇന്ന് രാവിലെ ബഹദൂർ സിങ്ങിന്റെ കുടുംബം ട്രാക്ടറിൽ തർക്ക സ്ഥലത്തെത്തി. കുറച്ചു കഴിഞ്ഞപ്പോൾ അടാർ സിങ്ങിന്റെ കുടുംബവും വന്നു. തുടർന്ന് ഇരുകുടുംബങ്ങളും വടിയും കല്ലും ഉപയോഗിച്ച് പരസ്പരം ആക്രമിക്കാൻ തുടങ്ങി. സംഘർഷത്തിനിടെ വെടിയൊച്ച കേട്ടതായും ഗ്രാമവാസികൾ പറഞ്ഞു.

സംഘർഷത്തിനിടെ അടാർ സിങ്ങിന്റെ മക്കളിലൊരാളായ നിർപാത് നിലത്തുവീണു. തുടർന്ന് പ്രതി അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റു കുടുംബാംഗങ്ങൾ ഇടപെട്ടുവെങ്കിലും ദാമോദർ ക്രൂരത നിർത്താൻ തയ്യാറായില്ല. ഇതോടെ നിർപാതിന് സംഭവസ്ഥലത്ത് വെച്ച് ജീവൻ നഷ്‌പ്പെട്ടു. സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് നാലുപേരെ ചോദ്യം ചെയ്തുവരികയാണ്.

അഞ്ച് ദിവസം മുമ്പും ഈ രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായതാണ് റിപ്പോർട്ടുകൾ. അന്ന് ബഹാദൂർ സിങ്ങിനും അനിയൻ ജനകിനും പരിക്കേറ്റിരുന്നു. തുടർന്ന് ഇന്ന് കൊല്ലപ്പെട്ട നിർപാതടക്കമുള്ള അടാർ സിങ്ങിന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.

In Rajasthan, a young man was killed by a relative's tractor

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News