Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
സംഭൽ: സംഭൽ ലക്ഷ്മൺഗഞ്ച് പ്രദേശത്തെ സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ച് 34 കെട്ടിടങ്ങൾക്ക് സംഭൽ ജില്ലാ ഭരണകൂടം നോട്ടീസ് നൽകി. സർക്കാർ ഭൂമിയിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് നടത്തിയ സർവേയെ തുടർന്നാണ് നടപടി.
കയ്യേറ്റ ഭൂമിയിൽ ഒരു മസ്ജിദ് ഉൾപ്പടെ 34 കെട്ടിടങ്ങളുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടങ്ങളുടെ ഉടമകൾക്കും ബന്ധപ്പെട്ട അധികാരികൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ അവരോട് നിർദേശിച്ചിട്ടുണ്ടെന്നും സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. രാജേന്ദർ പെൻസിയ പറഞ്ഞു.
ഭൂമി നിയമവിരുദ്ധമായി എങ്ങനെ സ്വന്തമാക്കി എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കയ്യേറ്റ ഭൂമി അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ പങ്കുണ്ടോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. ഇത്തരം കൈയേറ്റങ്ങൾ അനുവദിക്കില്ലെന്നും എല്ലാ നിയമലംഘകർക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
സംഭൽ ചന്ദൗസിയിലെ വാരിസ് നഗർ പ്രദേശത്തെ മുനിസിപ്പൽ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ച് ഒരു പള്ളിക്കും 33 വീടുകൾക്കും അധികൃതർ നേരത്തെ നോട്ടീസ് അയച്ചിരുന്നു.