'ബിഹാറിൽ ഇൻഡ്യ സഖ്യം 160 സീറ്റുകളിലേറെ നേടും': തേജസ്വിയുടെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ...
താഴേത്തട്ടിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ്
പറ്റ്‌ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആര്‍ജെഡി നേതാവും ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്.
എക്‌സിറ്റ് പോളുകളിലൊന്നും ഒരു കാര്യവുമില്ലെന്നും ഇക്കുറി എത്തിയ അധിക വോട്ടര്‍മാരടക്കം വിധിയെഴുതിയത് മാറ്റത്തിന് വേണ്ടിയാണെന്നും അല്ലാതെ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനല്ലെന്നും തേജസ്വി യാദവ് പറഞ്ഞു. പറ്റ്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകൾ വോട്ട് രേഖപ്പെടുത്തി കൊണ്ടിരിക്കെതന്നെ വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥരിൽ മാനസിക സമ്മർദ്ദം ചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇനി വോട്ടെണ്ണൽ മന്ദഗതിയിലാകുമോ എന്ന ആശങ്കയുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. താഴേത്തട്ടിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആർജെഡി നേതാവ് പറയുന്നു.
"ഞങ്ങൾക്ക് 160ലധികം സീറ്റുകൾ ലഭിക്കും. 1995ൽ ജനതാദളിന് ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചത്''-അദ്ദേഹം പറഞ്ഞു. അന്ന് ജനതാദളിന് ആരും മികച്ച ഭൂരിപക്ഷം പ്രവചിച്ചിരുന്നില്ല. എന്നാല്‍ ആന്ന് പിന്നാക്ക വിഭാഗക്കാര്‍ ശക്തിപ്രാപിക്കുകയും ലാലുവിനെ പിന്തുണക്കുകയുമായിരുന്നു. 167 സീറ്റുകള്‍ നേടിയ ലാലുപ്രസാദ് യാദവ് അന്ന് മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു.
അധിക വോട്ടുകളൊക്കെ മാറ്റത്തിന് വേണ്ടിയാണ്. നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്താനല്ല അത്. അഭിപ്രായ സര്‍വേകളിലൊന്നും 18ശതമാനത്തിന് മുകളിലാരും നിതീഷിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തുന്നില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.85 പൊതുയോഗങ്ങളിൽ പങ്കെടുത്ത തേജസ്വി, യുവാക്കളും സ്ത്രീകളും മാറ്റത്തിനായുള്ള ഒരു ആഗ്രഹം പ്രകടിപ്പിച്ചതായും അവകാശപ്പെടുന്നു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ഈ എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് 400ലധികം സീറ്റുകൾ പ്രവചിച്ചിരുന്നു. എന്നാല്‍ എൻഡിഎക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. അടുത്ത സർക്കാർ ഞങ്ങള്‍ തന്നെ രൂപീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും തേജസ്വി പറഞ്ഞു. വെള്ളിയാഴ്ചയാണ്(നാളെ) തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.