പാകിസ്താന് വേണ്ടി ചാരപ്പണി; റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ എന്നിവയുടെ നിർണായക വിവരങ്ങളാണ് പണം മോഹിച്ച് പ്രതി ഐഎസ്‌ഐക്ക് കൈമാറിയത്

Update: 2024-02-04 09:20 GMT
Advertising

ലഖ്‌നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസി(ഐഎസ്‌ഐ)ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന കേസിൽ മോസ്‌കോ(റഷ്യ)യിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വിദേശകാര്യ മന്ത്രാലയത്തിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന സത്യേന്ദ്ര സിവാളാണ് ഉത്തർപ്രദേശ് ആൻറി ടെററിസം സ്‌ക്വാഡി(എടിഎസ്)ന്റെ പിടിയിലായത്.

സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഇൻറർ സർവീസസ് ഇൻറലിജൻറ്‌സ് (ഐഎസ്‌ഐ), ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ വശീകരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയത്. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾക്ക് പകരമാണ് ഐഎസ്‌ഐ പണം നൽകിയത്. ചേർത്തപ്പെട്ട വിവരങ്ങൾ ഇന്ത്യയുടെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്ക്ക് കനത്ത ഭീഷണിയായേക്കാവുന്നതാണെന്നാണ് റിപ്പോർട്ട്.

ഹാപൂരിലെ ഷഹ്മാഹിയുദ്ദീൻപൂർ ഗ്രാമത്തിൽനിന്നുള്ള സതേന്ദ്ര സിവാളാണ് ചാരപ്രവർത്തന ശൃംഖലയിലെ പ്രധാന പങ്ക് വഹിച്ചതെന്നാണ് വിവരം. മോസ്‌കോ ഇന്ത്യൻ എംബസിയിലെ തന്റെ സ്ഥാനം മുതലെടുത്ത് രഹസ്യ രേഖകൾ ഇയാൾ ചോർത്തുകയായിരുന്നു. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ എന്നിവയുടെ തന്ത്രപരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പണം മോഹിച്ച് പ്രതി ഐഎസ്‌ഐക്ക് കൈമാറിയത്.

വിശദമായ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം സത്യേന്ദ്ര സിവാളിനെ ചോദ്യം ചെയ്യുന്നതിനായി മീററ്റിലെ എടിഎസ് ഫീൽഡ് യൂണിറ്റിലേക്ക് വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ അദ്ദേഹത്തിന് തൃപ്തികരമായ ഉത്തരങ്ങൾ നൽകാനായില്ല. ഒടുവിൽ ചാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സമ്മതിക്കുകയും ചെയ്തു. സത്യേന്ദ്ര സിവാൾ 2021 മുതൽ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്തുവരികയാണ്.

Indian Embassy official in Russia arrested for spying for Pakistan (ISI)

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News