'കണ്ണട വലിച്ചുപൊട്ടിച്ചു, മുഖമിടിച്ചു തകർത്തു'; അയര്‍ലന്‍ഡില്‍ വംശീയാതിക്രമം നേരിട്ടതായി ഇന്ത്യൻ വംശജന്‍

കൗമാരക്കാരായ ആറംഗസംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് ഇന്ത്യക്കാരനായ സംരംഭകന്‍ ഡോ.സന്തോഷ് യാദവ് വ്യക്തമാക്കുന്നത്.

Update: 2025-08-05 16:23 GMT
Editor : rishad | By : Web Desk

അക്രമിസംഘം തകര്‍ത്ത ഗ്ലാസ്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം. കൗമാരക്കാരായ ആറംഗസംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് ഇന്ത്യന്‍ വംശജനായ സംരംഭകന്‍ ഡോ.സന്തോഷ് യാദവ് വ്യക്തമാക്കുന്നത്.

തനിക്കേറ്റ പരുക്ക് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അക്രമിസംഘം തന്‍റെ മുഖത്ത് നിന്നും ഗ്ലാസ് വലിച്ചെറിയുകയും ഇടിച്ച് കവിളെല്ല് പൊട്ടിക്കുകയും ചെയ്തുവെന്നും ഓഗസ്റ്റ് മൂന്നിന് പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് യാദവ് പറയുന്നു. 

അത്താഴം കഴിഞ്ഞശേഷം താമസസ്ഥലത്ത് നിന്നും പുറത്തേക്ക് ഇറങ്ങി നടന്നതാണെന്നും പെട്ടെന്ന് ഒരു സംഘം കൗമാരക്കാര്‍ പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഇതുസംബന്ധിച്ച് ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് യാദവ് പറയുന്നത്. 

കണ്ണട അടിച്ച് പൊട്ടിച്ചതിന് പിന്നാലെ തലയ്ക്കും മുഖത്തും കഴുത്തിലും നെഞ്ചിലും, കയ്യും കാലുമെല്ലാം ഇടിച്ചും അടിച്ചും പൊട്ടിച്ചുവെന്നും രക്തം വാര്‍ന്നൊലിച്ചതോടെ വഴിയരികിലേക്ക് തള്ളിയിട്ട് ഓടിപ്പോയെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് പൊലീസിനെ വിളിച്ചതോടെ ആംബുലന്‍സ് എത്തി തന്‍റെ ജീവന്‍ രക്ഷിക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കവിളെല്ല് തകര്‍ന്നുവെന്നും നിലവില്‍ താന്‍ പ്രത്യേക പരിചരണത്തിലാണെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News