തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം; പുതിയ പരിഷ്കാരവുമായി റെയിൽവെ
തത്കാല്‍ ബുക്കിങ് വിൻഡോ തുറക്കുന്ന ആദ്യ 10 മിനിറ്റിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ നടത്തുന്ന ഓൺലൈനിൽ ബുക്കിങ്ങിനാണ് മുൻഗണന
ഡൽഹി: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. നടപടി ഉടൻ തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇനി ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകൾക്ക് മാത്രമേ ഓണ്‍ലൈനിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് കഴിഞ്ഞ ഒരാഴ്ചയിലേറെ നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് 2.4 കോടി ഐആർസിടിസി അക്കൗണ്ടുകൾ റെയിൽവെ ബ്ലോക്ക് ചെയ്തിരുന്നു. 20 ലക്ഷം അക്കൗണ്ടുകൾ കൂടി നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് തത്കാല്‍ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്.
തത്കാല്‍ ബുക്കിങ് വിൻഡോ തുറക്കുന്ന ആദ്യ 10 മിനിറ്റിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ നടത്തുന്ന ഓൺലൈനിൽ ബുക്കിങ്ങിനാണ് മുൻഗണന. ഐആർസിടിസിയുടെ അംഗീകൃത ഏജൻസികൾക്ക് പോലും ഈ സമയത്ത് ബുക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് പുതിയ ക്രമീകരണം. എസി ക്ലാസിൽ ഈ ആദ്യ 10 മിനിറ്റിലാണ് തത്കാല്‍ ടിക്കറ്റുകളിൽ 62.5 ശതമാനവും (67,159 എണ്ണം) ബുക്ക് ചെയ്യപ്പെടുന്നത്. നോൺ എസി ക്ലാസിൽ ഇത് 66.4 ശതമാനമാണ്. ഈ സമയത്തെ ബൾക്ക് ബുക്കിങ് ദുരുപയോഗം തടയുകയാണ് ലക്ഷ്യം.
നിലവിൽ ഐആർസിടിസി വെബ്‌സൈറ്റിൽ 13 കോടി സജീവ അക്കൗണ്ടുകളുണ്ട്. ഇവയിൽ 1.2 കോടി അക്കൗണ്ടുകൾ മാത്രമാണ് ആധാർ ബന്ധിപ്പിച്ചിട്ടുള്ളത്. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകൾക്കും പ്രത്യേക പരിശോധന നടത്താൻ ഐആർസിടിസി തീരുമാനിച്ചിട്ടുണ്ട്. സംശയകരമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യും. യഥാർഥ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ല എന്ന പരാതികൾ പരിഹരിക്കാൻ ഉദ്ദേശിച്ചാണ് പുതിയ പരിഷ്കാരം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകൾ വഴി പ്രതിദിനം 2,25,000 യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.