3400 കോടി ആസ്തി! എംഎൽഎമാരിൽ ഏറ്റവും സമ്പന്നൻ ബിജെപി നേതാവ് പരാഗ് ഷാ; രണ്ടാമൻ കോൺഗ്രസിലെ ഡി.കെ ശിവകുമാർ

പശ്ചിമബം​ഗാളിലെ ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ദരിദ്രനായ നിയമസഭാം​ഗം. 1700 രൂപയാണ് ആസ്തി.

Update: 2025-03-19 11:11 GMT

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎൽഎ ബിജെപിയുടെ പരാ​ഗ് ഷാ. മുംബൈ ഘട്​കോപാർ ഈസ്റ്റ് എംഎൽഎയായ പരാ​ഗ് ഷായുടെ ആസ്തി 3400 കോടിയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കിൽ പറയുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് പട്ടികയിൽ രണ്ടാമത്. 1413 കോടിയാണ് കനകപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവകുമാറിന്റെ ആസ്തി.

നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കിയാണ് എഡിആർ റിപ്പോർട്ട് തയാറാക്കിയത്. 28 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4092 സിറ്റിങ് എംഎൽഎമാരെയാണ് എഡിആർ പഠനവിധേയമാക്കിയത്. 24 എംഎൽഎമാരുടെ സത്യവാങ്മൂലം വായിക്കാനാവില്ലെന്നും ഏഴ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പശ്ചിമബം​ഗാളിലെ ഇന്ദുസ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ദരിദ്രനായ നിയമസഭാം​ഗം. തന്റെ കൈയിൽ 1700 രൂപയാണ് ഉള്ളതെന്നാണ് ധാരയുടെ സത്യവാങ്മൂലത്തിലുള്ളത്.

Advertising
Advertising

കർണാടകയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ കെ.എച്ച് പുട്ടസ്വാമി ​ഗൗഡ- 1267 കോടി, കർണാടകയിലെ കോൺ​ഗ്രസ് എംഎൽഎ പ്രിയാകൃഷ്ണ- 1156 കോടി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു (ടിഡിപി)- 931 കോടി, മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജ​ഗൻമോഹൻ റെഡ്ഡി (വൈഎസ്ആർ കോൺ​ഗ്രസ്)- 757 കോടി, ആന്ധ്രയിലെ ടിഡിപി എംഎൽഎ പി നാരായണ- 824 കോടി, ആന്ധ്രയിലെ ടിഡിപി എംഎൽഎ പി പ്രശാന്തി റെഡ്ഡി- 716 കോടി എന്നിങ്ങനെയാണ് സമ്പന്നരായ നിയമസഭാംങ്ങളുടെ പട്ടികയിലെ മുൻനിരക്കാർ.

ഏറ്റവും സമ്പന്നരായ 10 എംഎൽഎമാരുടെ പട്ടികയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള നാല് എംഎൽഎമാരുണ്ട്. ഐടി മന്ത്രി നര ലോകേഷ്, ഹിന്ദുപൂർ എംഎൽഎ എൻ. ബാലകൃഷ്ണ എന്നിവരുൾപ്പെടെ ഏഴ് എംഎൽഎമാരും സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ 20 എംഎൽഎമാരിൽ ഉൾപ്പെടുന്നു. 


എംഎൽഎമാരുടെ ആകെ ആസ്തി സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെട്ടിരിക്കുന്നു. കർണാടക എംഎൽഎമാരുടെ (223 അംഗങ്ങൾ) ആകെ ആസ്തി 14,179 കോടി രൂപയാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മഹാരാഷ്ട്ര എംഎൽഎമാരുടെ (286 അംഗങ്ങൾ) ആസ്തി 12,424 കോടി രൂപയും ആന്ധ്രാപ്രദേശ് എംഎൽഎമാരുടെ (174 അംഗങ്ങൾ) മൊത്തം ആസ്തി 11,323 കോടി രൂപയുമാണ്.

ഏറ്റവും കുറഞ്ഞ നിയമസഭാം​ഗ ആസ്തിയുള്ള സംസ്ഥാനങ്ങളിൽ ത്രിപുരയാണ് മുന്നിൽ. ഇവിടുത്തെ എംഎൽഎമാർക്ക് (60 അംഗങ്ങൾ) ആകെ 90 കോടി രൂപയും മണിപ്പൂരിലെ എംഎൽഎമാർക്ക് (59 അംഗങ്ങൾ) 222 കോടി രൂപയും പുതുച്ചേരിയിലെ എംഎൽഎമാർക്ക് (30 അംഗങ്ങൾ) 297 കോടി രൂപയുമാണ് ആസ്തി. 


ഒരു എംഎൽഎയുടെ ശരാശരി ആസ്തി ഏറ്റവും ഉയർന്ന സംസ്ഥാനങ്ങൾ ഇവയാണ്- ആന്ധ്രാപ്രദേശ്- 65.07 കോടി, കർണാടക- 63.58 കോടി, മഹാരാഷ്ട്ര - 43.44 കോടി, ഒരു എംഎൽഎയുടെ ശരാശരി ആസ്തി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങൾ ത്രിപുര- 1.51 കോടി, പശ്ചിമ ബംഗാൾ- 2.80 കോടി, കേരളം- 3.13 കോടി എന്നിവയാണ്. 

4092 സിറ്റിങ് എംഎൽഎമാരുടെ ആകെ ആസ്തി 73,348 കോടിയാണ്. 2023-24ലെ നാഗാലാൻഡ് (23,086 കോടി രൂപ), ത്രിപുര (26,892 കോടി രൂപ), മേഘാലയ (22,022 കോടി രൂപ) എന്നീ സംസ്ഥാനങ്ങളുടെ മൊത്തം വാർഷിക ബജറ്റുകളുടെ ആകെ തുകയേക്കാൾ വരുമിത്. 


പ്രധാന രാഷ്ട്രീയ പാർട്ടികളിൽ, ബിജെപി എംഎൽഎമാർ (1,653 അംഗങ്ങൾ) കൈവശം വയ്ക്കുന്ന ആസ്തി 26,270 കോടി രൂപയാണെന്ന് റിപ്പോർട്ട് പറയുന്നു. കോൺഗ്രസ് എംഎൽഎമാരുടെ (646 അംഗങ്ങൾ) കൈയിലുള്ളത് 17,357 കോടി രൂപയാണ്. ടിഡിപി എംഎൽഎമാരുടെ (134 അംഗങ്ങൾ) മൊത്തം ആസ്തി 9,108 കോടി രൂപയും ശിവസേന എംഎൽഎമാരുടെ (59 അംഗങ്ങൾ) കൈയിലുള്ളത് 1,758 കോടി രൂപയുമാണ്. അതേസമയം, ആം ആദ്മി എംഎൽഎമാരുടെ (123 അംഗങ്ങൾ) ഓരോരുത്തരുടേയും കൈയിലുള്ളത് ശരാശരി 7.33 കോടി രൂപയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News