ബി.ജെ.പിയിലേക്ക് കൂറുമാറിയ മന്ത്രിയുടെ സ്വത്ത് വർധിച്ചത് എട്ട് മടങ്ങ്; കർണാടകയിലെ ബി.ജെ.പി മന്ത്രിമാരുടെ സ്വത്തിലുണ്ടായത് ഞെട്ടിക്കുന്ന വർധന

2019-ൽ ബി.ജെ.പിയിലേക്ക് കൂറുമാറി മന്ത്രിമാരായ കെ.സുധാകർ, എസ്.ടി സോമശേഖർ തുടങ്ങിയവരുടെ സ്വത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.

Update: 2023-04-15 09:31 GMT

ബംഗളൂരു: കർണാടകയിൽ ബസവരാജ് ബൊമ്മൈ സർക്കാരിലെ അഞ്ച് മന്ത്രിമാരുടെയും അവരുടെ ഭാര്യമാരുടെയും സ്വത്തിൽ 2018-23 കാലയളവിൽ എട്ട് മടങ്ങ് വരെ വർധനയുണ്ടായെന്ന് കണക്കുകൾ. നാമനിർദേശപത്രികക്കൊപ്പം ഇവർ തന്നെ സമർപ്പിച്ച കണക്കുകളിലാണ് അഞ്ച് വർഷത്തിനിടെ വലിയ വ്യത്യാസം രേഖപ്പെടുത്തിയത്. ആരോഗ്യമന്ത്രി കെ. സുധാകർ, ഊർജമന്ത്രി വി. സുനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി സി.സി പാട്ടീൽ, സഹകരണ വകുപ്പ് മന്ത്രി എസ്.ടി സോമശേഖർ, വ്യവസായ മന്ത്രി മുരുകേശ് നിരണി എന്നിവരുടെ സ്വത്തിലാണ് വർധനയുണ്ടായത്.

2018-ലെ കണക്ക് പ്രകാരം ആരോഗ്യമന്ത്രി സുധാകറിന്റെ ജംഗമസ്വത്ത് 1.11 കോടിയായിരുന്നു. ഇത്തവണ അത് 2.79 കോടിയായി വർധിച്ചിട്ടുണ്ട്. സ്ഥാവരസ്വത്തിൽ കാര്യമായ മാറ്റമില്ല. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ഡോ. പ്രീതിയുടെ സ്ഥാവരസ്വത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2018-ൽ 1.17 കോടി രൂപയായിരുന്നു സ്ഥാവരസ്വത്തിന്റെ മൂല്യമെങ്കിൽ 2023-ൽ 16.1 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ബംഗളൂരു സദാശിവനഗറിൽ വാങ്ങിയ 14.92 കോടി രൂപയുടെ വീട് അടക്കമാണ് ഇത്. 2019-ൽ ബി.ജെ.പിയിലേക്ക് കൂറുമാറിയ നേതാവാണ് സുധാകർ.

Advertising
Advertising

2019-ൽ കൂറുമാറി ബി.ജെ.പിയിലെത്തിയ സഹകരണ വകുപ്പ് മന്ത്രി സോമശേഖറിന്റെ സ്വത്തിൽ എട്ട് മടങ്ങിന്റെ വർധനയാണ് ഉണ്ടായത്. 2018-ൽ 67.83 ലക്ഷമായിരുന്ന സ്വത്ത് ഇപ്പോൾ 5.46 കോടിയായി വർധിച്ചു.

ഊർജമന്ത്രി സുനിൽ കുമാറിന്റെ ജംഗമസ്വത്തിൽ മൂന്ന് മടങ്ങിന്റെ വർധനയാണ് ഉണ്ടായത്. 2018-ൽ 53.27 കോടി രൂപയായിരുന്നത് ഇപ്പോൾ 1.59 കോടിയായി വർധിച്ചു. സ്ഥാവരസ്വത്തിലും രണ്ടര മടങ്ങിന്റെ വർധനയുണ്ട്. 1.68 കോടിയായിരുന്ന സ്വത്ത് 4.03 കോടിയായാണ് വർധിച്ചത്.

വ്യവസായ മന്ത്രി മുരുകേശ് നിരണിയുടെ ജംഗമസ്വത്തുകൾ 16 കോടിയിൽനിന്ന് 27.22 കോടിയായി വർധിച്ചു. അതേസമയം അദ്ദേഹത്തിന്റെ സ്ഥാവരസ്വത്ത് 4.58 കോടിയിൽനിന്ന് 8.6 കോടിയായും വർധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ കമല നിരണിയുടെ ജംഗമസ്വത്ത് 11.58 കോടിയിൽനിന്ന് 38.35 കോടിയായും ഉയർന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി സി.സി പാട്ടീലിന്റെ ജംഗമസ്വത്ത് 94.36 കോടിയിൽനിന്ന് 3.28 കോടിയായി വർധിച്ചു. അദ്ദേഹത്തിന്റെ സ്ഥാവരസ്വത്ത് 4.47 കോടിയിൽനിന്ന് 7.2 കോടിയായും വർധിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News