രാമനഗര ജില്ല ഇനി 'ബെംഗളൂരു സൗത്ത്'; പുനര്‍നാമകരണത്തിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം

രാമനഗര പ്രദേശം പുനർനാമകരണം ചെയ്യപ്പെട്ട ജില്ലയുടെ ആസ്ഥാനമായി തുടരും

Update: 2025-05-22 15:05 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനർനാമകരണം ചെയ്യാൻ വ്യാഴാഴ്ച കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബിജെപി-ജെഡിഎസ് സഖ്യത്തിൽ എച്ച്.ഡി.കുമാര സ്വാമി കർണാടക മുഖ്യമന്ത്രിയായിരുന്ന 2007 ആഗസ്തിലാണ് രാമനഗര എന്ന പേരിൽ ജില്ല രൂപവത്കരിച്ചത്.

ബെംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള രാമനഗര പ്രദേശം പുനർനാമകരണം ചെയ്യപ്പെട്ട ജില്ലയുടെ ആസ്ഥാനമായി തുടരും. ഇതിൽ മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ കൂടി ഉൾപ്പെടും.

"നിയമങ്ങളും ചട്ടങ്ങളും നിയമങ്ങളും ഭേദഗതികളും ഞങ്ങൾ പരിശോധിച്ചു. രാമനഗര യഥാർഥത്തിൽ ബംഗളൂരു ജില്ലയായിരുന്നു. ഇന്ന് മന്ത്രിസഭയിൽ ഇതിനെ ബംഗളൂരു സൗത്ത് ജില്ല എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കും. ബെംഗളൂരു സൗത്ത് ജില്ലക്ക് ഇത് സന്തോഷവാർത്തയാണ്"- ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. രാമനഗര ജില്ലയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്നതിൽ മാറ്റമില്ലെന്നും അത് തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. "വിജ്ഞാപനം പുറപ്പെടുവിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പിന്തുടരുകയും ചെയ്യും. ഈ തീരുമാനം മൂലം സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. എല്ലാ ഭൂമി രേഖകളും മാറ്റപ്പെടും. ഞാനും ബംഗളൂരു സൗത്ത് ജില്ലയിൽ നിന്നുള്ളയാളാണ്" ഡി.കെ കൂട്ടിച്ചേർത്തു.

Advertising
Advertising

കര്‍ണാടക കോൺഗ്രസ് മേധാവി കൂടിയായ ശിവകുമാറിന്‍റെ സ്വന്തം ജില്ലയാണിത്. ജില്ലയിലെ കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹമാണ് ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം ആദ്യം മുന്നോട്ടുവച്ചത്. ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ എന്നിവയെല്ലാം മുമ്പ് ബെംഗളൂരു ജില്ലയുടെ ഭാഗമായിരുന്നു. ഹൊസകോട്ട്, ദേവനഹള്ളി, ദൊഡ്ഡബല്ലാപുര, ചന്നപട്ടണ, രാമനഗര, മഗഡി, കനകപുര താലൂക്കുകളും ജില്ലയിൽ ഉൾപ്പെടും.

"ഞങ്ങൾ (ഇപ്പോഴത്തെ രാമനഗര ജില്ലയിലെ ജനങ്ങൾ) ഞങ്ങളുടെ ബെംഗളൂരു ഐഡന്‍റിറ്റി സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ പ്രദേശം വികസിച്ചുകൊണ്ടിരിക്കുകയാണ്.നിയമത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് ബെംഗളൂരു സൗത്ത് ജില്ല എന്ന പേര് മന്ത്രിസഭ തീരുമാനിച്ചതെന്ന് ശിവകുമാർ പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രിസഭയുടെ മുൻ തീരുമാനത്തെ കേന്ദ്രം എതിർത്തിരുന്നോ എന്ന ചോദ്യത്തിന്, ഒന്നുമില്ല, കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

"കേന്ദ്രത്തെ അറിയിക്കേണ്ടത് നിർബന്ധമായിരുന്നു, അത്രമാത്രം. ചില രാഷ്ട്രീയങ്ങൾ ഉണ്ടായിരുന്നു. എതിര്‍ക്കാൻ ചില ശ്രമങ്ങൾ നടന്നു.പക്ഷേ അത് ഞങ്ങളുടെ അവകാശമാണ്, അത് ഒരു സംസ്ഥാന വിഷയമാണ് .മറ്റ് ജില്ലകളുടെ പേര് മുമ്പ് പുനർനാമകരണം ചെയ്തപ്പോൾ കേന്ദ്രത്തിന്‍റെ അനുമതി തേടിയിരുന്നില്ല. ഈ ജില്ലക്ക് രാമനഗര എന്ന പേര് നൽകിയപ്പോഴും ഇത് സംഭവിച്ചു. പേര് മാറ്റിയാൽ വികസനം സംഭവിക്കില്ലെന്ന പ്രതിപക്ഷത്തിന്‍റെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അവര്‍ കാത്തിരുന്ന് കാണട്ടെ' എന്നായിരുന്നു ശിവകുമാറിന്‍റെ പ്രതികരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News