ജെഡിഎസ് എം.പിയുൾപ്പെട്ട അശ്ലീല വീഡിയോ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിട്ട് സർക്കാർ

കർണാടകയിലെ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് സോഷ്യൽമീഡിയയിൽ അശ്ലീല വീഡിയോകൾ വൈറലായത്.

Update: 2024-04-28 03:11 GMT
Advertising

ബെം​ഗളൂരു: കർണാടകയിലെ ഹാസൻ എംപിയും ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്ത്രീകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച വീഡിയോകൾ ഹാസനിൽ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ വ്യാഴാഴ്ച മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കമ്മീഷന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കർണാടകയിലെ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് സോഷ്യൽമീഡിയയിൽ അശ്ലീല വീഡിയോകൾ വൈറലായത്. അതേസമയം, ഹാസനിൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്നു തന്നെ കർണാടക ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ കൂടിയായ പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് പറന്നു. ശനിയാഴ്ചയാണ് രേവണ്ണ ജർമനിയിലേക്ക് പോയത്.

'പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഹാസൻ ജില്ലയിൽ സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതുൾപ്പെടെയുള്ള അശ്ലീല വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എസ്ഐടി അന്വേഷണം നടത്താൻ വനിതാ കമ്മീഷൻ അധ്യക്ഷ സർക്കാരിന് കത്ത് നൽകിയിരുന്നു. അവരുടെ അഭ്യർഥന മാനിച്ചാണ് ഈ തീരുമാനം'- സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.

'ലൈംഗികാതിക്രമ ആരോപണങ്ങൾ ഹാസനിലെ നേതാവിനെതിരെ മാത്രം ഉന്നയിക്കപ്പെട്ടതല്ല. കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ വിജയേന്ദ്രയും മറ്റുള്ളവരും ഇക്കാര്യത്തിൽ ഉത്തരം പറയണം. വനിതാ കമ്മീഷൻ തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ കേട്ടു. മുഖ്യമന്ത്രിക്ക് കമ്മീഷൻ കത്തയച്ചിട്ടുണ്ട്'- ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

രേവണ്ണയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നവീൻ ഗൗഡയെന്നയാളും മറ്റു ചിലരും മോർഫിങ് വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ജെഡിഎസ്- ബിജെപി തെരഞ്ഞെടുപ്പ് ഏജൻ്റായ പൂർണചന്ദ്ര തേജസ്വി എംജി പരാതി നൽകിയിട്ടുണ്ട്. 'പ്രജ്വൽ രേവണ്ണയെ മോശമായി ചിത്രീകരിക്കാൻ നവീൻ ഗൗഡയും മറ്റുള്ളവരും ചില വീഡിയോകളും ചിത്രങ്ങളും മോർഫ് ചെയ്ത് ഹാസൻ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പെൻഡ്രൈവ്, സിഡികൾ, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ പ്രചരിപ്പിച്ചു'- പരാതിയിൽ പറയുന്നു.

ഹോളനരസിപുര എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി രേവണ്ണയുടെ മകനായ പ്രജ്വൽ രേവണ്ണ രണ്ടാം തവണയാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർഥി ജി പുട്ടസ്വാമി ഗൗഡയുടെ ചെറുമകൻ ശ്രേയസ് എം പട്ടേലാണ് എതിർ സ്ഥാനാർഥി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News