കേന്ദ്ര അവഗണനക്കെതിരെ സമരവുമായി കർണാടകയും

കർണാടകയുടെ സമരത്തെ പിന്തുണച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ

Update: 2024-02-03 13:55 GMT
Advertising

ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ അവഗണനക്കെതിരെ സമരവുമായി കർണാടകയും. ബുധനാഴ്ച ഡൽഹിയിൽ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും എംപിമാരും പങ്കെടുക്കും.

ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ പരാതി. കൂടുതൽ നികുതി വിഹിതം നൽകിയിട്ടും ന്യായമായ വിഹിതം കേന്ദ്രം തരുന്നില്ലെന്നും വരൾച്ച ബാധിത ജില്ലകൾക്ക് വേണ്ട സഹായം കേന്ദ്രം നൽകിയില്ലെന്നും സംസ്ഥാന സർക്കാർ ആരോപിക്കുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ഡൽഹിയിലെ സമരത്തിന്റെ ഭാഗമാകും.

സംസ്ഥാനത്തെ 28 എംപിമാരിൽ 27 പേരും ബിജെപിയിൽ നിന്നുള്ളവരാണെങ്കിലും അവർ സംസ്ഥാനത്തിന് വേണ്ടി ഇടപെടുന്നില്ലെന്ന് ഡി കെ ശിവകുമാർ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് കിട്ടേണ്ട പണത്തിൽ 62,000 കോടി രൂപയുടെ കുറവുണ്ടായെന്നും ഡി.കെ പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫിന്റെ പ്രതിഷേധം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് കർണാടക സർക്കാരും സമരവുമായി രംഗത്തെത്തുന്നത്.

അതേസമയം, കർണാടകയുടെ സമരത്തെ പിന്തുണച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത് വന്നു. കേന്ദ്രത്തിന്റെ സമീപനത്തെ കേരളം വിമർശിച്ചിരുന്നുവെന്നും ഇതിലേക്ക് എല്ലാവരും എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് എതിരെ സംസാരിക്കാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം ഇന്നലെ നിയമസഭ ബഹിഷ്‌കരിച്ചതെന്നും കർണാടകയുടെ തീരുമാനത്തോടെ സംഭവിച്ചത് കാവ്യനീതിയാണെന്നും മന്ത്രി പറഞ്ഞു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News