'കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത് ബി.ജെ.പി': ഗോവയില്‍ വിമര്‍ശനം കടുപ്പിച്ച് കെജ്‍രിവാള്‍

ബി.ജെ.പിക്ക് എതിരെ ശക്തമായ പ്രചാരണമാണ് കോൺഗ്രസും ശിവസേനയും ഗോവയിൽ നടത്തുന്നത്.

Update: 2022-02-02 16:05 GMT

ഗോവയിൽ കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് ആം ആദ്മി പാർട്ടി. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. ബി.ജെ.പിക്ക് എതിരെ ശക്തമായ പ്രചാരണമാണ് കോൺഗ്രസും ശിവസേനയും ഗോവയിൽ നടത്തുന്നത്.

ഗോവയിൽ മത്സരം ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിലാണെന്നാണ് കെജ്‌രിവാൾ പനാജിയിൽ പറഞ്ഞത്. ജനങ്ങൾക്ക് മുൻപിൽ രണ്ട് അവസരങ്ങളാണ് ഉള്ളത്. ഒന്നുകിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യുക അല്ലെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുക. മറ്റ് ഏത് പാർട്ടിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പിക്ക് ലഭിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.

Advertising
Advertising

കോൺഗ്രസിന്‍റെ ടിക്കറ്റിൽ മൽസരിക്കുന്നത് ബി.ജെ.പി ആണെന്നും കെജ്‍രിവാള്‍ ആരോപിച്ചു. എന്നാല്‍ മൽസര രംഗത്ത് ആം ആദ്മി പാർട്ടി ഇല്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മൽസരം ബി.ജെ.പിയും കോൺഗ്രസും തമ്മിലാണെന്നും സ്വന്തം നേതാക്കൾ ചോർന്ന് പോകാതിരിക്കാനാണ് ആം ആദ്മി പാർട്ടി ശ്രദ്ധിക്കേണ്ടതെന്നും കോൺഗ്രസ് മറുപടി നൽകി.

അതേസമയം ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷ നേതാവ് ദിഗംബർ കമ്മത്ത് രംഗത്ത് എത്തി. മധ്യവർഗത്തെ ബി.ജെ.പി സര്‍ക്കാര്‍ ചതിക്കുകയാണെന്നും ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 300 കോടി രൂപയുടെ ഡയമണ്ട് ജൂബിലി ഫണ്ട് ബജറ്റിൽ ഉൾപ്പെടുത്തിയില്ലെന്നും കോൺഗ്രസ് നേതാവ് കൂടിയായ കമ്മത്ത് ആരോപിച്ചു. വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച താംനാർ പ്രോജക്ട് അധികാരം ലഭിച്ചാൽ ഉപേക്ഷിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. ഗോവയുടെ ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഊർജ വിതരണ പദ്ധതിയാണ് താംനാർ പ്രോജക്ട്.

പനാജിയിലെ സ്ഥാനാർഥിയെ പിൻവലിച്ചാണ് ശിവസേന ബി.ജെ.പിക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ബി.ജെ.പി വിമതനായി മൽസരിക്കുന്ന ഉത്പൽ പരീക്കറിനെ പിന്തുണയ്ക്കുകയാണ് ശിവസേന. ഗോവൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാൻ ആണ് മനോഹർ പരീക്കറിന്‍റെ മകനെ പിന്തുണയ്ക്കുന്നതെന്ന് ശിവസേന പ്രഖ്യാപിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News