രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും അസമിലേക്ക്, ഒരുങ്ങുന്നത് കൂറ്റന്‍ റാലി; പ്രാധാന്യമൊന്നുമില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുകയാണ് ലക്ഷ്യം.
ഗുവാഹത്തി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് അസമിൽ.
ചായ്ഗാവിൽ നടക്കുന്ന റാലിയിൽ ഇരുവരും പങ്കെടുക്കും. വൈകീട്ടാണ് കൂറ്റന്‍ റാലിയൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. ഇതിന് മുന്നോടിയായി പാര്‍ട്ടിയിലെ നേതൃസ്ഥനങ്ങളിലുള്ളവരോടെല്ലാം സോഷ്യല്‍മീഡിയ പ്രൊഫെെല്‍ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.
പാർട്ടിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുമായും രാഹുൽ കൂടിക്കാഴ്ച നടത്തും. അസമിൽ വ്യാപക കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് രാഹുലിന്റെ സന്ദർശനം.
അതേസമയം രാഹുൽ ഗാന്ധിയുടെ അസം സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും രംഗത്ത് എത്തി. തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ഒരു പ്രാധാന്യവുമില്ലെന്നും ഞാൻ എന്തിനാണ് അദ്ദേഹത്തിനായി 'സമയം ചെലവഴിക്കുന്നതെന്നും' ഹിമന്ത ചോദിച്ചു.
ഗൗരവ് ഗൊഗോയ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ആദ്യ അസം സന്ദർശനമാണിത്. ഗൗരവിനെ ചുമതല ഏല്‍പ്പിച്ചത് തന്നെ സംസ്ഥാനം പിടിക്കാനായിരുന്നു. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.