ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു; കൊൽക്കത്തയിൽ പെൺകുട്ടിയെ ആൺസുഹൃത്ത് വീട്ടിൽ കയറി വെടിവെച്ച് കൊന്നു
19കാരിയായ ഇഷാ മാലിക് ആണ് ആൺസുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
കൊൽക്കത്ത: ബംഗാളിലെ നാദിയ ജില്ലയിൽ കോളേജ് വിദ്യാർഥിനിയെ ആൺസുഹൃത്ത് വീട്ടിൽ കയറി വെടിവച്ചു കൊന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 19കാരിയായ ഇഷാ മാലിക് ആണ് ആൺസുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒരാഴ്ച്ച പിന്നിട്ടെങ്കിലും ഒളിവിലുള്ള പ്രതി ദേവ്‌രാജിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഓഗസ്റ്റ് 22 തിങ്കളാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. കൃഷണ നഗറിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വെടിയുതിർക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയം ഇഷയും സഹോദരനും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറിയിൽ നിന്ന് വെടിയൊച്ച കേട്ട് അമ്മ ഓടിയെത്തുമ്പോഴേക്കും മകൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതും യുവാവ് മുറിയിൽ നിന്ന് ഇറങ്ങി പോകുന്നതുമാണ് കണ്ടത്. പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്‌കൂൾ കാലം മുതൽ ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. കൂടാതെ മരിച്ച പെൺകുട്ടിയുടെ സഹോദരനുമായി പ്രതി ദേവ് രാജ് സിങിന് അടുത്ത ബന്ധമുണ്ടായിരുന്നു. അതിനാൽ ഇയാൾ ഇടയ്ക്കിടെ ഇവരുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. കൊല്ലപ്പെട്ട ഇഷയുടെ വീടിന് അടുത്ത് തന്നെയാണ് പ്രതിയും താമസിച്ചിരുന്നത്. കൊല്ലപ്പെടുന്നതിന് തലേദിവസം ദേവ് രാജുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇഷ ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രണ്ട് തവണയാണ് ദേവ്‌രാജ് ഇഷക്കു നേരെ വെടിയുതിർത്തത്. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.