കുര്‍ള ബലാത്സംഗ കൊലപാതകക്കേസ്; ഇരയെ 26 തവണ കുത്തി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായി പൊലീസ്

ചുറ്റിക കൊണ്ടുള്ള അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടിയതായും ഒരു കണ്ണ് തെറിച്ചുപോയതായും പൊലീസ് പറഞ്ഞു

Update: 2021-11-29 03:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും നെഞ്ചിലും 26 തവണ കുത്തിയെന്നും തലയില്‍ ചുറ്റി കൊണ്ടടിച്ചുവെന്നും കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ പൊലീസിനോട് പറഞ്ഞു.

ചുറ്റിക കൊണ്ടുള്ള അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടിയതായും ഒരു കണ്ണ് തെറിച്ചുപോയതായും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായും വിവാഹത്തിന് ഇര നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ ഇതു നിരസിച്ച പ്രതി സുഹൃത്തുമായി ചേര്‍ന്ന് യുവതിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു. കൃത്യമായി പ്ലാന്‍ ചെയ്തു നടത്തിയ കൊലപാതകമാണെന്നും ആയുധങ്ങള്‍ പ്രതികളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്നും പൊലീസ് അറിയിച്ചു. യുവതിയെ പ്രതി അവളുടെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടു പോരുകയായിരുന്നു. പ്രതിയുടെ സുഹൃത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇതിനോടകം കാത്തുനിൽക്കുന്നുണ്ടായിരുന്നു. യുവതി അവിടെ എത്തിയപ്പോൾ ആദ്യം കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തു. രണ്ട് പ്രതികൾക്കും ഇരയ്ക്കും 18നും 20നും ഇടയിൽ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് എച്ച്‌ഡിഐഎൽ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. അഴുകിത്തുടങ്ങിയ മൃതദേഹം കെട്ടിടത്തിന്റെ 13–ാം നിലയിലെ ലിഫ്റ്റ് റൂമിലാണു കണ്ടെത്തിയത്. സമീപ പ്രദേശത്തുള്ള കുട്ടികള്‍ സോഷ്യല്‍മീഡിയയില്‍ ഇടുന്നതിനായി വീഡിയോ ചിത്രീകരിക്കാന്‍ ഇവിടെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് വിബി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് ഡിസിപി പ്രണയ് അശോക് പറഞ്ഞു. ''ഇതൊരു സെൻസിറ്റീവ് കേസായതിനാൽ ഞങ്ങൾ കരുതലോടെയാണ് മുന്നോട്ട് പോയത്. ഇരുപതോളം പേരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. സിസി ടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. അഴുകിത്തുടങ്ങിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി'' ഡിസിപി പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News