'ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരം, ഇല്ലെങ്കിൽ പുടിനെപ്പോലെ ബി.ജെ.പി ഇന്ത്യ ഭരിക്കും'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള ആയുധമായി ഇ.ഡിയും ആദായ നികുതിയും മാറിയിരിക്കുന്നു'

Update: 2024-01-30 04:06 GMT
Editor : Lissy P | By : Web Desk
Advertising

ഭുവനേശ്വർ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമായിരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ജയിച്ചാൽ അത് ഇന്ത്യയിലെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ഭുവനേശ്വറിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയിൽ ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. നരേന്ദ്രമോദി ഇനിയൊരു തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്ത് സ്വേച്ഛാധിപത്യം ഉണ്ടാകും. പിന്നീട് ഇവിടെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ല. ഈ രാജ്യത്ത് ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസാന അവസരമായിരിക്കും ഇത്. റഷ്യയിൽ പുടിൻ ഭരണം നടത്തുന്ന പോലെ ബി.ജെ.പി ഇന്ത്യ ഭരിക്കും,' അദ്ദേഹം പറഞ്ഞു.

'സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ഭീഷണിപ്പെടുത്തിയാണ് മോദി ഇപ്പോഴത്തെ സർക്കാർ നയിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള ആയുധമായി ഇ.ഡിയും ആദായ നികുതിയും മാറിയിരിക്കുന്നു'. ബിജെപി, ആർഎസ്എസ് ആശയങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും ഖാർഗെ പറഞ്ഞു.

'ബി.ജെ.പിയെയും ആർ.എസ്.എസിനെയും എതിർത്തതിനാൽ രാഹുൽ ഗാന്ധിക്ക് നിരന്തരം ഭീഷണിയുണ്ട്. എന്നാൽ രാഹുൽ ഗാന്ധി അവരുടെ സമ്മർദത്തിന് വിധേയരായില്ലെന്നും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന അത്തരം ശക്തികൾക്കെതിരെ പോരാടുന്നത് തുടരുമെന്നും ഖാർഗെ പറഞ്ഞു. 'ഇന്നും മണിപ്പൂരിൽ ആളുകൾ കൊല്ലപ്പെടുന്നു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു, നൂറുകണക്കിന് വീടുകൾ, കാറുകൾ കത്തിക്കുന്നു, എവിടെയാണ് മോദി ജി, എവിടെ ബിജെപി? '..അദ്ദേഹം ചോദിച്ചു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിപ്പോയെങ്കിലും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും  ഖാർഗെ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News