ലോക്‌സഭാ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്
യഥാർത്ഥ ഫലം പുറത്തു വരുന്നതിനു മുമ്പ് ഊഹാപോഹങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര
മല്ലികാർജുൻ ഖാർഗെ
ഡൽഹി: ലോക്സഭാ എക്സിറ്റ് പോളിനു ശേഷമുള്ള ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ജൂൺ 4 ന് യഥാർത്ഥ ഫലം പുറത്തുവരുന്നതിന് മുമ്പ് ഊഹാപോഹങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന അഭിപ്രായത്തിന്റെ ഫലമായാണ് ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവും മാധ്യമ വിഭാഗം ചെയർപേഴ്‌സനുമായ പവൻ ഖേര പറഞ്ഞു.
വോട്ടർമാർ വോട്ട് രേഖപ്പെടുത്തി, ജൂൺ നാലിന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടിആർപിക്കായി ഊഹാപോഹങ്ങളിലും സ്ലഗ്‌ഫെസ്റ്റിലും ഏർപ്പെടേണ്ട ആവശ്യമില്ലെന്ന് എക്‌സിലെ പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.
വോട്ടർമാരുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ് എക്‌സിറ്റ് പോൾ. ശനിയാഴ്ച വൈകീട്ട് 6.30 വരെ ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പ്രസിദ്ധീകരിക്കാം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.