ലൗജിഹാദ് ഹിന്ദുത്വ പ്രചാരണം, മിശ്ര വിവാഹം ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടോ: സീതാറാം യെച്ചൂരി

കോടഞ്ചേരിയിൽ പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ മിശ്രവിവാഹം സിപിഎം നേതാവ് തന്നെ വിവാദമാക്കിയ സാഹചര്യത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം

Update: 2022-04-13 13:02 GMT
Advertising

ലൗജിഹാദ് ഹിന്ദുത്വ പ്രചാരണമാണെന്ന് വ്യക്തമാക്കിയും മിശ്ര വിവാഹം ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടോയെന്ന ചോദ്യമുയർത്തിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടഞ്ചേരിയിൽ പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ മിശ്രവിവാഹം പാർട്ടി നേതാവ് തന്നെ വിവാദമാക്കിയ സാഹചര്യത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് ഭരണഘടന നൽകുന്നതാണെന്നും ആ അധികാരത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയടക്കമുള്ള ഇടങ്ങളിൽ നടക്കുന്ന രാമനവമി വർഗീയ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്ദത പാലിക്കുകയാണെന്നും ഇവിടങ്ങളിൽ ബിജെപി നടത്തുന്നത് വർഗീയ ധ്രുവീകരണമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കെ റെയിൽ പാർട്ടി കോൺഗ്രസ് അജണ്ടയിൽ ഇല്ലായിരുന്നുവന്നും അത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സംയുക്ത പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്താണ് പദ്ധതിയുടെ ആലോചനകൾ നടക്കുന്നതെന്നും വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ നേതാവ് ഷിജിന്റെ  മിശ്ര വിവാഹം പാർട്ടിക്ക് ദോഷമുണ്ടാക്കിയെന്ന്‌ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് അഭിപ്രായപ്പെട്ടിരുന്നു. ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാഹം കാരണം ഒരു സമുദായം പാർട്ടിക്കെതിരെ തിരിയാൻ കാരണമായി. പ്രണയം ഷിജിൻ പാർട്ടിയെ അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ലവ് ജിഹാദ് യാഥാർഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ് എം തോമസ് നേരത്തെ പരാമർശിച്ചിരുന്നു. എന്നാൽ തനിക്ക് പിഴവു പറ്റിയെന്ന് വ്യക്തിമാക്കി ജോർജ് എം തോമസ് പിന്നീട് രംഗത്തു വന്നു.

Love jihad is Hindutva Campaign: Sitaram Yechury

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News