കൊല്ലുന്ന മരുന്ന് വേണ്ട; മധ്യപ്രദേശിൽ കോൾഡ്റിഫ് കഫ് സിറപ്പിന് വിലക്കുമായി സർക്കാർ

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ നടപടി.

Update: 2025-10-04 10:30 GMT

ഭോപ്പാൽ: മരുന്നുദുരന്തത്തിന് പിന്നാലെ കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിപണനവും വിതരണവും അടിയന്തരമായി വിലക്കി മധ്യപ്രദേശ് സർക്കാർ. തമിഴ്നാട്ടിലെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽ നിർമിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. സംശയമുള്ള മറ്റു മരുന്നുകളും നിരീക്ഷിക്കുന്നതായി മധ്യപ്രദേശ് ഡ്രഗ് കൺട്രോൾ ബോർഡ് വ്യക്തമാക്കി. ഒമ്പത് കുട്ടികൾക്കാണ് മധ്യപ്രദേശിൽ മാത്രം വ്യാജമരുന്ന് കുടിച്ച് ജീവൻ നഷ്ടമായത്.

'ചിന്ദ്വാഡയിൽ കോൾഡ്റിഫ് സിറപ്പ് മൂലം കുട്ടികൾ മരിച്ച സംഭവം അങ്ങേയറ്റം ദാരുണമാണ്. മധ്യപ്രദേശിലുടനീളം ഈ സിറപ്പിന്റെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. ഈ സിറപ്പ് നിർമിക്കുന്ന കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്'- മുഖ്യമന്ത്രി മോഹൻ യാദവ് എക്സിൽ കുറിച്ചു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ നടപടി. നേരത്തെ കോൾഡ്റിഫ് മരുന്ന് തമിഴ്നാട് സർക്കാരും വിലക്കേർപ്പെടുത്തിയിരുന്നു.

Advertising
Advertising

കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം മാർ​ഗ നിർദേശം പുറത്തിറക്കിയിരുന്നു. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നുമാണ് ആരോ​ഗ്യ മന്ത്രാലയം നിർദേശം നൽകിയത്.

രാജസ്ഥാനിൽ രണ്ട് കുട്ടികളാണ് വ്യാജ സിറപ്പ് കഴിച്ച് മരിച്ചത്. രണ്ടാഴ്ചയ്ക്കിടെ 10 കുട്ടികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ ഒരു ഡോസ് കഴിച്ച ഡോക്ടറെ എട്ട് മണിക്കൂറിന് ശേഷം കാറിൽ ബോധരഹിതനായി കണ്ടതിനെ തുടർന്ന് ആശുപത്രിയിലാക്കി. രാജസ്ഥാനിൽ സർക്കാരിനായി കൈസൺ ഫാർമ എന്ന കമ്പനി പുറത്തിറക്കിയ ഡിക്‌സ്‌ത്രോമെതോർഫൻ ഹൈഡ്രോബ്രോമൈഡ് സംയുക്തമടങ്ങിയ സിറപ്പ് കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായത്.

മരുന്ന് കഴിച്ച അഞ്ച് വയസുകാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് വിഷയം ചർച്ചയായത്. രാജസ്ഥാനിലെ സികാർ ജില്ലയിലെ നിതിൻ എന്ന അഞ്ച് വയസുകാരനെ ചുമയും ജലദോഷവും മൂലമാണ് മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ച രാത്രി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം രാത്രി 11.30നാണ് കുട്ടിക്ക് കഫ് സിറപ്പ് നൽകിയത്. പുലർച്ചെ മൂന്ന് മണിയോടെ എണീറ്റ കുട്ടിക്ക് അമ്മ വെള്ളം നൽകി. വീണ്ടും ഉറങ്ങിയ കുട്ടി പിന്നെ ഉണർന്നില്ല. തിങ്കളാഴ്ച രാവിലെയോടെ കുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

നിതിൻ മരിച്ച വാർത്ത പുറത്തുവന്നതോടെയാണ് സെപ്തംബർ 22ന് സിറപ്പ് കഴിച്ച രണ്ട് വയസുകാരനായ മറ്റൊരു കുട്ടിയും മരിച്ചതായി മാതാപിതാക്കൾ പറഞ്ഞത്. ഭരത്പൂരിലെ മൽഹ ഗ്രാമത്തിലെ സാമ്രാട്ട് ജാതവ് ആണ് മരിച്ചത്. മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിനെ തുടർന്ന് 22 ബാച്ച് കഫ് സിറപ്പുകൾ രാജസ്ഥാൻ സർക്കാർ നിരോധിച്ചു. ഈ വർഷം ജൂലൈ മുതൽ 1.33 ലക്ഷം ബോട്ടിൽ മരുന്ന് രോഗികൾക്ക് വിതരണം ചെയ്തതായി മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.

ജയ്പൂർ എസ്എംഎസ് ഹോസ്പിറ്റലിൽ 8,200 ബോട്ടിൽ സിറപ്പ് സ്റ്റോക്കുണ്ട്. ഇത് ആർക്കും നൽകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലുമായി 1400ൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. മരുന്ന് കുടിച്ച് കിഡ്നി തകരാറിലായതിനെ തുടർന്നാണ് കുട്ടികൾ മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലാണ് കൂടുതൽ മരണം. കഴിഞ്ഞദിവസം മഹാരാഷ്ട്രയിലും ഒരു കുട്ടി വ്യാജ മരുന്ന് കഴിച്ച് മരിച്ചിരുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News