'ലോറൻസ് ബിഷ്ണോയിയെ തീർക്കും'; സൽമാൻ ഖാനെ സന്ദർശിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങൾ മുംബൈയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഷിന്‍ഡെ

Update: 2024-04-17 03:07 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാനെ വീട്ടിലെത്തി സന്ദർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഞായറാഴ്ച രാവിലെ നടന്റെ മുംബൈയിലെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെപ്പുണ്ടായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പിടികൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൽമാൻ ഖാനെ ഷിൻഡെ സന്ദർശിച്ചത്. എല്ലാവിധ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് ഷിൻഡെ അറിയിച്ചു.

മുംബൈയിലെ ഗുണ്ടാ സംഘങ്ങളെയും അവരുടെ ഏറ്റുമുട്ടലും അനുവദിക്കില്ലെന്നും ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെ തീർക്കുമെന്നും ഷിൻഡെ പറഞ്ഞു. സംസ്ഥാനത്ത് അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബാന്ദ്രയിലെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പിന് പിന്നാലെ സൽമാൻ ഖാന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കാൻ മുംബൈ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൽമാൻ ഖാന്റെ കൂടെ സർക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സത്യം ഉടൻ പുറത്ത് വരും. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുകയും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഷിൻഡെ പറഞ്ഞു.

വെടിവെപ്പുമായി ബന്ധപ്പെട്ട് വിക്കി ഗുപ്ത (24), സാഗർ പാൽ (21) എന്നിവരെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഗുജറാത്തിലെ കച്ച് ജില്ലയിലെ മാതാ നോ മദ് ഗ്രാമത്തിൽ നിന്നാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവരെ മുംബൈയിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.വെടിവയ്പ്പ് സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് ഒരു ട്രെയിലർ മാത്രമാണെന്നായിരുന്നു അൻമോൽ സോഷ്യൽമീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News