മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിചിത്ര സഖ്യങ്ങൾ. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം, കോൺഗ്രസ് കൗൺസിലർമാർ വിവിധ നഗരസഭകളിൽ ബിജെപി സഖ്യത്തിൽ ചേർന്നു. വിദർഭ മേഖലയിലെ അകോല ജില്ലയിലെ അകോട് മുനിസിപ്പൽ കോർപറേഷനിലാണ് എഐഎംഐഎം കൗൺസിലർമാർ ബിജെപിയുമായി കൈകോർത്തത്. ആകെ 35 സീറ്റുകളുള്ള അകോട് മുനിസിപ്പൽ കോർപറേഷനിൽ 33 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 11 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എഐഎംഐഎം അഞ്ച് സീറ്റ് നേടി.
ശിവസേന (ഷിൻഡെ പക്ഷം)- 1, ശിവസേന (ഉദ്ധവ് പക്ഷം) 2, എൻസിപി (അജിത് പവാർ)- 2, കോൺഗ്രസ്- 6, വഞ്ചിത് ബഹുജൻ അഘാഡി- 2, പ്രഹാർ ജനശക്തി പാർട്ടി- 3 എന്നിങ്ങനെയാണ് അകോട് മുനിസിപ്പൽ കൗൺസിലിലെ കക്ഷി നില. സർക്കാർ രൂപീകരിക്കാൻ 17 അംഗങ്ങളുടെ പിന്തുണ ആവശ്യമായതിനാൽ ബിജെപി 'അകോട് വികാസ് മഞ്ച്' എന്ന പേരിൽ ഷിൻഡെ, ഉദ്ധവ് പക്ഷ ശിവസേനകളെയും എൻസിപിയിലെ ഇരു വിഭാഗങ്ങളെയും പ്രഹാർ ജനശക്തി പാർട്ടിയെയും ഉൾപ്പെടുത്തി സഖ്യം രൂപീകരിക്കുകയായിരുന്നു. എഐഎംഐഎമ്മിന്റെ നാല് കൗൺസിലർമാർ ഈ സഖ്യത്തെ പിന്തുണച്ചു. കോൺഗ്രസും വഞ്ചിത് ബഹുജൻ അഘാഡി പാർട്ടിയുമാണ് പ്രതിപക്ഷത്തുള്ളത്. എഐഎംഐഎമ്മിന് നിലവിൽ ഒരു കൗൺസിലർ മാത്രമാണുള്ളതെന്ന് 'ഇന്ത്യ ടിവി' റിപ്പോർട്ട് ചെയ്തു.
അതേസമയം ബിജെപിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ലെന്ന് എഐഎംഐഎം നേതാവ് ഇംതിയാസ് ജലീൽ പറഞ്ഞു. പ്രാദേശിക നേതാക്കളുമായി വിഷയം സംസാരിച്ചെന്നും ബിജെപിയുമായി ഒരു സഖ്യവുമില്ലെന്നാണ് അവർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ എന്തെങ്കിലും നീക്കമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും ഇംതിയാസ് ജലീൽ വ്യക്തമാക്കി.
അകോട് വികാസ് മഞ്ചിനുള്ള പിന്തുണ പിൻവലിച്ചതായി കാണിച്ച് എഐഎംഐഎം കൗൺസിലർമാർ നൽകിയ കത്ത് ഇംതിയാസ് ജലീൽ എക്സിൽ പോസ്റ്റ് ചെയ്തു. സഖ്യത്തിൽ ബിജെപി അംഗങ്ങളുള്ളത് തങ്ങൾക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് പിന്തുണച്ചത്. ബിജെപി നേതൃത്വത്തിലുള്ള സഖ്യമാണെന്ന് വ്യക്തമായതോടെ പിന്തുണ പിൻവലിച്ചതായി കൗൺസിലർമാർ അറിയിച്ചെന്നും ഇംതിയാസ് ജലീൽ പറഞ്ഞു.
അംബേർനാഥ് മുനിസിപ്പൽ കോർപറേഷനിൽ ബിജെപിയും കോൺഗ്രസും ചേർന്നാണ് സഖ്യം രൂപീകരിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗം അധികാരം പിടിക്കാതിരിക്കാനാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ളവർ അംബേർനാഥിൽ ഒരുമിച്ചത്.
അംബേർനാഥ് വികാസ് അഘാഡി എന്ന പേരിൽ രൂപീകരിച്ച പുതിയ സഖ്യത്തിൽ ബിജെപി, കോൺഗ്രസ്, എൻസിപി (അജിത് പവാർ) എന്നീ പാർട്ടികളും ഒരു സ്വതന്ത്രനുമാണുള്ളത്. 14 സീറ്റിലാണ് ബിജെപി വിജയിച്ചത്. കോൺഗ്രസ് 12 സീറ്റിലും എൻസിപി (അജിത് പവാർ) നാല് സീറ്റിലും വിജയിച്ചു. 27 സീറ്റിൽ വിജയിച്ച ഷിൻഡേ വിഭാഗം ശിവസേനയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. തുടർന്ന് ഷിൻഡേ വിഭാഗം ശിവസേനക്കെതിരെ മറ്റുള്ളവർ ഒരുമിക്കുകയായിരുന്നു.
പുതിയ സഖ്യരൂപീകരണം ദേശീയതലത്തിലടക്കം ചർച്ചയായതോടെ ബിജെപി, കോൺഗ്രസ് നേതാക്കൾ ഇതിനെ തള്ളിപ്പറഞ്ഞു. കോൺഗ്രസുമായും എഐഎംഐഎമ്മുമായി സഖ്യത്തിലേർപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബിജെപിയുമായി കൈകോർത്ത അംബേർനാഥിലെ 12 കൗൺസിലർമാരെയും പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു.