മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി വിമതനീക്കം. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ അംഗമായ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ അഞ്ച് മന്ത്രിമാരടക്കം 22 എംഎൽഎമാരാണ് വിമതപക്ഷത്തുള്ളത്. ഇവർ സൂറത്തിലെ മെറിഡിയൻ ഹോട്ടലിലാണുള്ളത്.
ശ്രീനിവാസ് ചിന്താമൻ, ഏക്‌നാഥ് സാംഭാജി ഷിൻഡെ, മഹേഷ് സാംഭാജി രാജെ ഷിൻഡെ, സന്ദിപൻരാവ് ആസാറാം, ശാന്താറാം തുക്കാറാം, സഞ്ജയ് ഭാസ്‌കറവ്, വിശ്വനാഥ് ആത്മറാം, അനിൽ കൽജേര, രമേശ് നാനാസാഹെബ്, ഷഹജി ബാപ്പു പാട്ടീൽ, കിഷോർ ആപ്പാ പാട്ടീൽ, ചിൻമൻ റാവ് രൂപാചന്ദ് പാട്ടീൽ, മഹേന്ദ്ര ഹരി, പ്രദീപ് ശിവനാരായണ ജയ്‌സ്വാൾ, ശംഭുരാജ് ശിവജിരാവ് ദേശായ്, ശൺരാജ് ഖോദിറാം, ബാലാജി പ്രഹ്ലാദ്, ഭരത്‌ഷെട് മാരുതി, സഞ്ജയ് രംഭവ് ഗെയ്ക്‌വാദ്, സുഹാസ് ദ്വാരകാനാഥ്, പ്രകാശ് ആനന്ദ്‌രവ്, രാജ്കുമാർ പട്ടേൽ എന്നിവരാണ് വിമതപക്ഷത്തുള്ളത്.
ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയ ബിജെപി നേതാക്കൾ അദ്ദേഹത്തിന് ഉന്നത പദവികൾ വാഗ്ദാനം ചെയ്തതായാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇതിനകം ഡൽഹിയിലെത്തിയിട്ടുണ്ട്. അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായി അൽപസമയത്തിനകം അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കോൺഗ്രസും ശിവസേനയും അടിയന്തര യോഗങ്ങൾ വിളിച്ചിട്ടുണ്ട്. ഡൽഹിയിലുള്ള എൻസിപി അധ്യക്ഷൻ ശരദ് പവാർ ചർച്ചകൾക്കായി മുംബൈയിലേക്ക് തിരിച്ചു. അധികാരം ദുരുപയോഗം ചെയ്ത് ബിജെപി ഇന്ത്യൻ ജനാധിപത്യത്തെ അസത്യത്തിലേക്ക് നയിക്കുകയാണെന്നും എന്നാൽ അന്തിമവിജയം സത്യത്തിനായിരിക്കുമെന്നും കോൺഗ്രസ് നേതാവ് നാനാ പട്ടോലെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിൽ ശിവസേന എംഎൽഎമാരുടെ അടിയന്തര യോഗം ചേരുന്നുണ്ട്. ശരദ് പവാർ വൈകീട്ട് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.
നിലവിൽ 169 എംഎൽഎമാരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സഖ്യത്തിനുള്ളത്. ഇതിൽ ഒരു ശിവസേന എംഎൽഎ മരിച്ചതിനാൽ ഒരു സീറ്റ് കുറവാണ്. നവാബ് മാലിക് അടക്കം രണ്ട് എൻസിപി എംഎൽഎമാർ ജയിലിലുമാണ്. എട്ട് സ്വതന്ത്രൻമാരുടെ പിന്തുണയും സഖ്യത്തിനുണ്ട്. ബിജെപിക്ക് 113 സീറ്റുകളാണുള്ളത്. 288 സീറ്റുകളുള്ള സഭയിൽ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.