ഇ.ഡി അവരുടെയും ഞാന്‍ എന്‍റെയും ജോലി ചെയ്യും: സമന്‍സ് അവഗണിച്ച് മഹുവ മൊയ്ത്ര

തന്‍റെ മണ്ഡലമായ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പ്രചരണം നടത്തിയത്

Update: 2024-03-29 03:43 GMT
Editor : Jaisy Thomas | By : Web Desk

മഹുവ മൊയ്ത്ര

Advertising

ഡല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ് പരിഗണിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്നലെ തന്‍റെ മണ്ഡലമായ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പ്രചരണം നടത്തിയത്. ഇ.ഡി അവരുടേയും താന്‍ തന്‍റെയും ജോലികള്‍ ചെയ്യുമെന്നും പ്രചരണം തുടരുമെന്നും മഹുവ കലിയഗഞ്ചില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മണ്ഡലത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും സജീവമായിരുന്നു മഹുവ. എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പിയുടെ അമൃത റോയിയെ കടന്നാക്രമിക്കുകയും ചെയ്തു. “തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, എൻ്റെ ജോലി പ്രചാരണമാണ്. ഇ.ഡി അവരുടെ ജോലി ചെയ്യും, ഞാൻ എൻ്റേതും,” അവർ പറഞ്ഞു. "ഇ.ഡിക്ക് എന്നെ ഇഷ്ടമാണ്. അവർ എന്നെ പല അവസരങ്ങളിലും സന്ദർശിച്ചു. സി.ബി.ഐ സംഘവും എത്തി. ഇപ്പോൾ ഇ.ഡി വരും.ഇത് ഒരു തുടക്കം മാത്രമാണ്. പ്രധാനമന്ത്രി വരും, അമിത് ഷായും വരും. പല നേതാക്കളും മന്ത്രിമാരും വരും. ഞാൻ അവരെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു, സർപൂരിയ (കൃഷ്ണനഗറിലെ പ്രസിദ്ധമായ മധുരപലഹാരം) കഴിക്കാനും എൻ്റെ വോട്ട് കൂട്ടാനും അവരോട് അഭ്യര്‍ഥിക്കുന്നു'' മഹുവ പറഞ്ഞു. ഇഡി സമൻസ് അവഗണിച്ച നീക്കം പാർട്ടിയുടെ നിർദേശപ്രകാരമാണ് നടന്നതെന്ന് മൊയ്ത്രയോട് അടുപ്പമുള്ള ഒരു തൃണമൂൽ നേതാവ് വ്യക്തമാക്കി."ബിജെപി മേധാവികളുടെ നിർദേശപ്രകാരം കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ എതിരാളികളെ തീവ്രമായി ഉപദ്രവിക്കുന്ന രീതിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമാണത്'' മഹുവ മൊയ്ത്ര ഇതിനകം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടുണ്ട്, പക്ഷേ ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല” നേതാവ് പറഞ്ഞു.

എന്നാല്‍ ഇ.ഡിയുടെ സമന്‍സ് ലഭിച്ച കാര്യം മഹുവ സമ്മതിച്ചില്ല. അതേസമയം കേന്ദ്ര ഏജൻസി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ചു.“ഏജൻസിയുടെ വിവരങ്ങൾ ചോർന്നതിനെതിരെ നീതി തേടി ഞാൻ ഡൽഹി ഹൈക്കോടതിയിൽ ഇ.ഡിക്കെതിരെ ഹരജി നൽകിയിരുന്നു.തുടർന്ന് ഇ.ഡി സത്യവാങ്മൂലം സമർപ്പിക്കുകയും തങ്ങൾ ഒന്നും പറയുന്നില്ലെന്നും വ്യക്തമാക്കി. എന്നാൽ അതിനു ശേഷവും കാര്യങ്ങൾ എങ്ങനെ പുറത്തുവന്നു? സമൻസിനെക്കുറിച്ച് ഞാൻ ആരോടും പറഞ്ഞിട്ടില്ല, പിന്നെ എങ്ങനെയാണ് വിവരങ്ങൾ പരസ്യമായത്?''മഹുവ ചോദിച്ചു. സമൻസ് അവഗണിച്ചത് കൂടുതൽ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്ന് നാദിയയിലെ മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

ഫെമ ലംഘന കേസിലാണ് ചോദ്യം ചെയ്യുന്നതിനായി മൊയ്ത്രയ്ക്കും ദുബൈ ആസ്ഥാനമായുള്ള വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കും ഇ.ഡി സമന്‍സ് അയച്ചത്. മാര്‍ച്ച് 28 ന് ഹാജരാവാനാണ് ഇ.ഡി നിര്‍ദേശം.ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെ മഹുവയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സമന്‍സ്.

പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണമുയർന്നതിന് പിന്നാലെ മഹുവയെ എം.പി സ്ഥാനത്ത് നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരനന്ദാനിക്ക് മഹുവ മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഐ.ഡിയും പാസ് വേർഡും കൈമാറിയെന്നാണ് ആരോപണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News