വീട്ടുടമസ്ഥനെ തലക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് യുവാവ്

നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം അബോധാവസ്ഥയിൽ ആയിരുന്ന സുരേഷിനെ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് പങ്കജ് കൊലപ്പെടുത്തിയത്.

Update: 2022-08-20 10:21 GMT
Editor : banuisahak | By : Web Desk

ന്യൂഡൽഹി: വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയെ തലക്കടിച്ച് കൊന്ന യുവാവ് പിടിയിൽ. ബീഹാർ സ്വദേശി പങ്കജ് കുമാർ സാനി എന്നയാളാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട സുരേഷിന്റെ മകൻ ജഗദീഷിന്റെ പരാതിയിലാണ് നടപടി.

മംഗൾപുരിയിലെ ഇരുനില വീട്ടിലായിരുന്നു അച്ഛനൊപ്പം ജഗദീഷ് താമസിച്ചിരുന്നത്. നാല് ദിവസം മുൻപ് പങ്കജിനെ സുരേഷ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അനാഥനാണെന്നും അതിനാൽ വീടിന്റെ മുകളിലത്തെ നിലയിൽ വാടകക്ക് താമസിപ്പിക്കുകയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യം എതിർത്തെങ്കിലും അച്ഛന്റെ നിർബന്ധത്തിന് ജഗദീഷിന് വഴങ്ങേണ്ടി വന്നു. തുടർന്ന് ആഗസ്‌ത്‌ 9ന് പങ്കജ് മദ്യപിച്ച് പുറത്തിറങ്ങി ബഹളമുണ്ടാക്കി. ഇത് ചോദ്യം ചെയ്‌ത സുരേഷുമായി വാക്കുതർക്കം ഉണ്ടാവുകയും ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

Advertising
Advertising

പിറ്റേ ദിവസം ജഗദീഷിന്റെ ജോലി സ്ഥലത്തേക്ക് പങ്കജിന്റെ കോൾ വന്നു. കഴിഞ്ഞ ദിവസത്തെ വഴക്ക് മനസ് വേദനിപ്പിച്ചെന്നും അതിനാൽ വീട് വിട്ട് പോവുകയാണെന്നും അയാൾ പറഞ്ഞു. പെട്ടെന്ന് തന്നെ പങ്കജ് പൊട്ടിച്ചിരിക്കുകയും കോൾ കട്ടാക്കുകയും ചെയ്‌തു. പങ്കജിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജഗദീഷ് ഉടൻ തന്നെ വീട്ടിലേക്ക് പാഞ്ഞെത്തി. തിരച്ചിലിനൊടുവിൽ വീടിന്റെ ഒന്നാം നിലയിൽ രക്തം വാർന്ന് കിടക്കുന്ന അച്ഛനെയാണ് കണ്ടതെന്ന് ജഗദീഷ് പൊലീസിനോട് പറഞ്ഞു.

സുരേഷിന്റെ മൊബൈൽ ഫോണും രേഖകളുമടക്കം കൈക്കലാക്കിയാണ് പങ്കജ് കടന്നുകളഞ്ഞത്.വിശദമായ അന്വേഷണത്തിനൊടുവിൽ മംഗൽപുരി പ്രദേശത്ത് നിന്ന് പൊലീസ് പങ്കജിനെ പിടികൂടി. ചോദ്യംചെയ്യലിൽ താൻ ലഹരിക്ക് അടിമയാണെന്ന് പങ്കജ് പൊലീസിനോട് പറഞ്ഞു. അമിതമായ മദ്യപാനം കാരണം വീട് ഒഴിഞ്ഞ് പോകണമെന്ന് സുരേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പങ്കജ് മൊഴി നൽകി.

നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം അബോധാവസ്ഥയിൽ ആയിരുന്ന സുരേഷിനെ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് പങ്കജ് കൊലപ്പെടുത്തിയത്. മൃതദേഹത്തിനൊപ്പം സെൽഫിയും വീഡിയോയും എടുത്തുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഈ ഫോട്ടോയും വീഡിയോയും പങ്കജിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News