ഒരാഴ്ച മുമ്പ് വിവാഹമോചന നോട്ടീസ് അയച്ചു; ഒളിച്ചിരുന്ന് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്
ഒരു വർഷത്തിലേറെയായി പ്രതിയും യുവതിയും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു
ബെംഗളൂരു: വിവാഹമോചന നോട്ടീസ് അയച്ചതിന് പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. ബെംഗളൂരുവിലാണ് കൊലപാതകം നടന്നത്. 39 കാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബാലമുരുകന്‍ പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഭുവനേശ്വരിക്ക് നേരെ പ്രതി നാല് റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് പറയുന്നു.
40 വയസുള്ള ബാലമുരുകന്‍ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഇയാള്‍ ജോലിക്ക് പോകുന്നില്ല. 39 കാരിയായ ഭുവനേശ്വരി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജരായിരുന്നു.
തമിഴ്‌നാട്ടിലെ സേലം ജില്ലക്കാരായ ഇരുവരും 2011 ലാണ് വിവാഹിതരായത്. 2018 ൽ ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിൽ ചേർന്നതിനുശേഷം ബെംഗളൂരുവിലേക്ക് താമസം മാറി. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കും.
വിവാഹബന്ധത്തിലെ തർക്കങ്ങളെ തുടർന്ന് ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. രാജാജിനഗറിൽ കുട്ടികൾക്കൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നതായും ഇത് വഴക്കുകൾക്ക് കാരണമായതായും പൊലീസ് പറഞ്ഞു.
ഒരു ആഴ്ച മുമ്പ്, ഭുവനേശ്വരി ബാലമുരുകന് വിവാഹമോചന നോട്ടീസ് അയച്ചു. കേസ് കോടതിയിൽ പരിഗണനയിലായിരുന്നു.ചൊവ്വാഴ്ച ബാലമുരുകൻ ഭാര്യയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതുവരെ കാത്തിരുന്നു. വൈകുന്നേരം 6.30 ഓടെ, അയാൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭുവനേശ്വരിയെ ഷാൻഭോഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബാലമുരുകന് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.