പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊന്ന് അറുത്തെടുത്ത തലയുമായി മുങ്ങിയ യുവാവ് മരിച്ച നിലയിൽ

16കാരിയായ പെൺകുട്ടിയും ഇയാളും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നു.

Update: 2024-05-10 16:27 GMT
Advertising

ബെം​ഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി മുങ്ങിയ യുവാവ് മരിച്ച നിലയിൽ. കർണാടക കുടക് ജില്ലയിലെ സോംവാർപേട്ടിലെ മുട്‌ലു ​ഗ്രാമത്തിലാണ് സംഭവം. ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ വീടിനു സമീപം മൃതദേഹം കണ്ടെത്തിയത്. 32കാരനായ പ്രകാശ് എന്ന യുവാവാണ് മരിച്ചത്.

16കാരിയായ പെൺകുട്ടിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും ഇയാളും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ വനിതാ ശിശു വികസന വകുപ്പ് ഇത് തടഞ്ഞു. വിവാഹം നടത്തരുതെന്ന് വകുപ്പ് ഉദ്യോ​ഗസ്ഥർ‌ പെൺകുട്ടിയുടെ കുടുംബത്തോട് നിർദേശിക്കുകയും ചെയ്തു. 

ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ വിവാഹം ഒഴിവാക്കിയതോടെ മെയ് എട്ടിന് പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി. പെൺകുട്ടിയെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും തലയറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.

പ്രതിയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലയ്ക്ക് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പെൺകുട്ടിയുടെ തലയും കൊണ്ട് പ്രകാശ് സ്ഥലംവിടുകയായിരുന്നു.

ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരവെയാണ് വീട്ടിൽ കൊഡ​ഗിലെ ഹമ്മിയാല പ്രദേശത്തെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. എന്നാൽ പെൺകുട്ടിയുടെ തല കണ്ടെത്താനായില്ല. തല കണ്ടെടുക്കാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News