വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ക്രൂരതയല്ല: ബോംബെ ഹൈക്കോടതി

'വീട്ടുജോലികൾ ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ വിവാഹത്തിന് മുന്‍പ് പറയണം. അപ്പോള്‍ വരന് വിവാഹത്തെക്കുറിച്ച് പുനർവിചിന്തനം നടത്താന്‍ കഴിയും'

Update: 2022-10-28 04:09 GMT

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ പ്രകാരം സ്ത്രീയോടുള്ള ക്രൂരതയായി കാണാനാവില്ലെന്ന് നിരീക്ഷിച്ചാണ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കിയത്. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്‍റേതാണ് ഉത്തരവ്.

"വിവാഹിതയായ സ്ത്രീയോട് കുടുംബത്തിനായി വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, വേലക്കാരിയെ പോലെയാണ് പരിഗണിക്കുന്നതെന്ന് പറയാനാവില്ല. വീട്ടുജോലികൾ ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ വിവാഹത്തിന് മുന്‍പ് പറയണം. അപ്പോള്‍ വരന് വിവാഹത്തെക്കുറിച്ച് പുനർവിചിന്തനം നടത്താന്‍ കഴിയും. പാത്രങ്ങള്‍ കഴുകാനും വസ്ത്രങ്ങള്‍ കഴുകാനും അടിച്ചുവാരാനും ഭര്‍തൃവീട്ടില്‍ ജോലിക്കാരിയുണ്ടോയെന്ന കാര്യം യുവതിയുടെ പരാതിയില്‍ വ്യക്തമല്ല"- ജസ്റ്റിസ് വിഭ വി കങ്കൻവാടി, ജസ്റ്റിസ് രാജേഷ് എസ് പാട്ടീൽ എന്നിവരുടെ ബെഞ്ച് ഒക്ടോബർ 21ന് നിരീക്ഷിച്ചു.

Advertising
Advertising

2019 ഡിസംബറിൽ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിനു ശേഷം ഭർത്താവും ബന്ധുക്കളും വേലക്കാരിയോടെന്ന പോലെയാണ് പെരുമാറിയതെന്നാണ് യുവതിയുടെ ആരോപണം. കാര്‍ വാങ്ങാൻ ഭര്‍ത്താവ് തന്നോട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. അച്ഛന്റെ പക്കൽ പണമില്ലെന്ന് പറഞ്ഞപ്പോൾ ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. നാല് ലക്ഷം രൂപ കൊണ്ടുവന്നാൽ മാത്രമേ ഭര്‍തൃവീട്ടില്‍ ജീവിക്കാൻ അനുവദിക്കൂവെന്ന് അവർ പിതാവിനോട് പറഞ്ഞു. ഇതോടെയാണ് 2020ല്‍ നന്ദേത് പൊലീസിൽ യുവതി പരാതി നൽകിയത്. ഗാർഹിക പീഡനക്കേസിൽ ഐപിസി സെക്ഷൻ 498 എ, 323, 504, 506 എന്നിവ പ്രകാരമാണ് കേസെടുത്തത്.

എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവും സഹോദരിയും ഭര്‍തൃമാതാവും കോടതിയിലെത്തിയത്. ആദ്യ ഭര്‍ത്താവിനെതിരെയും സമാനമായ ആരോപണം യുവതി ഉന്നയിച്ചിരുന്നുവെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നേരത്തെ പരാതി നല്‍കിയത് കൊണ്ടുമാത്രം യുവതിക്ക് വ്യാജ പരാതി നല്‍കുന്ന ശീലമുള്ളതായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. യുവതിക്കെതിരായ ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ഭര്‍ത്താവ് തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം 'ശാരീരികവും മാനസികവുമായ പീഡന'മെന്ന യുവതിയുടെ ആരോപണങ്ങള്‍ ശരിവെയ്ക്കാന്‍ തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്നാണ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കിയത്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News