'34 വയസുള്ള യുവതിക്ക് തിരിച്ചറിയല്‍ കാര്‍ഡിലുള്ള വയസ് 124'; തെരഞ്ഞെടുപ്പ് കമ്മീഷനെ വെട്ടിലാക്കി എസ് ഐ ആറിലെ അപാകതകള്‍

ഓണ്‍ലൈന്‍ അപേക്ഷ പ്രക്രിയയുടെ സമയത്തുണ്ടായ പിഴവാണെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു

Update: 2025-08-13 05:44 GMT

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടക്കുന്നതിനിടയില്‍ വീണ്ടും ഇലക്ഷന്‍ കമ്മീഷനെ വെട്ടിലാക്കി വോട്ടര്‍ പട്ടികയിലെ അപാകതകള്‍.

സിവാ ജില്ലയിലെ ആദ്യ വോട്ടറായ മിന്റ ദേവിയുടെ വയസ് വോട്ടര്‍ ലിസ്റ്റില്‍ 124 ആണ്. 34 വയുസുള്ള മിന്റ ദേവിയുടെ തിരിച്ചറിയല്‍ രേഖയില്‍ വയസ് 124 ആയിരിക്കുകയാണ്. മിന്റ ദേവിക്ക് അടുത്തിടെ നല്‍കിയ ഐഡി കാര്‍ഡിലാണ് വയസ് 124 എന്ന് രേഖപ്പെടുത്തിയത്. 1990 ജൂലൈ 15 ആണ് മിന്റ ദേവിയുടെ ജനന തിയ്യതി. ഓണ്‍ലൈന്‍ അപേക്ഷ പ്രക്രിയയുടെ സമയത്തുണ്ടായ ക്ലറിക്കല്‍ പിഴവാണെന്ന് ജില്ലാ ഭരണകൂടം അവകാശപ്പെട്ടു.

Advertising
Advertising

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഈ കാര്യം ശ്രദ്ധിച്ചതെന്നാണ് മിന്റ പറയുന്നത്. ഒന്ന്, രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് ഐഡി കാര്‍ഡ് ലഭിച്ചത്. അതിനാല്‍ തന്നെ താന്‍ വിശദമായി ഇക്കാര്യം പരിശോധിച്ചില്ലെന്നും മിന്റ പറയുന്നു. അധാര്‍ കാര്‍ഡ് പ്രകാരമുള്ള കൃത്യമായ ഡാറ്റകളാണ് താന്‍ സമര്‍പ്പിച്ചതെന്നും തന്റെ ഭാഗത്തു നിന്നുള്ള പിഴവ് അല്ലെന്നും മിന്ത പറഞ്ഞു.

എസ് ഐ ആര്‍ നടപടി ക്രമങ്ങളുടെ ഭാഗമായി ഒരു ഉദ്യോഗസ്ഥനും തന്റെ വീട്ടില്‍ വന്നിട്ടില്ലെന്ന് മിന്റയുടെ ഭര്‍ത്താവ് പറഞ്ഞു. ബിഎല്‍ഒമാര്‍ എവിടെയോ ഇരുന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അതിനാല്‍ ഇത്തരം പിഴവുകള്‍ നിരവധിയാളുകള്‍ക്ക് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വിഷയം സോഷ്യല്‍ മീഡിയയിലൂടെ പരിഹാസ രൂപേണ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തുവന്നു. കാണാന്‍ പ്രായം കുറഞ്ഞ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി മിന്റ ദേവിയെ ലോക റെക്കോഡിന് പരിഗണിക്കണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

'തിരഞ്ഞെടുപ്പ് കമ്മീഷന്‍ മനുഷ്യരാശിക്ക് വലിയൊരു സേവനം ചെയ്തു! ബീഹാര്‍ എസ് ഐ ആറിലൂടെ 124 വയസ്സ് പ്രായമുള്ള മിന്റാ ദേവിയെ അവര്‍ കണ്ടെത്തി! ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ വന്‍ വോട്ടര്‍ തട്ടിപ്പ് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. ഇത് അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരും,' കെ.സി വേണുഗോപാല്‍ പറഞ്ഞു. മിന്റ ദേവിയുടെതിന് സമാനമായുള്ള രണ്ട് കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിലേക്കാണ് നയിക്കുന്നത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News