"ദയവായി മണിപ്പൂർ സന്ദർശിക്കൂ"; ഇടിക്കൂട്ടിൽ നിന്നും പ്രധാനമന്ത്രിക്കൊരു സന്ദേശം

മത്സരശേഷം പൊട്ടിക്കരഞ്ഞ് എം.എം.എ ഫൈറ്റർ

Update: 2024-03-11 06:16 GMT
Editor : ശരത് പി | By : Web Desk
Advertising

     പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കരഞ്ഞ് മണിപ്പൂർ സന്ദർശിക്കാനാവശ്യപ്പെടുന്ന എം.എം.എ (മിക്‌സ്ഡ് മാർഷ്യൽ ആർട്‌സ്) ഫൈറ്റർ ചുങ്റെങ് കോറന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വംശീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സംസ്ഥാനം സന്ദർശിച്ച് സമാധാനം പുനസ്ഥാപിക്കാൻ പ്രധാനമന്ത്രി തയാറാവണമെന്ന് കോറൻ ആവശ്യപ്പെടുന്നു.

    മേട്രിക്‌സ് ഫൈറ്റ് നൈറ്റിലെ മത്സരശേഷമായിരുന്നു വികാരാധീനനായ കോറൻ മൈക്കിലൂടെ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തത്.

    ''ഇത് എന്റെ എളിയ അപേക്ഷയാണ്. മണിപ്പൂരിൽ അക്രമം നടക്കുകയാണ്. ഏകദേശം ഒരു വർഷം കഴിഞ്ഞു. ആളുകൾ മരിക്കുന്നു, നിരവധി ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുണ്ട്. കുട്ടികൾക്ക് കൃത്യമായി പഠിക്കാൻ കഴിയുന്നില്ല. ഭാവി അവ്യക്തമാണ്. മോദിജി, ദയവായി ഒരിക്കൽ മണിപ്പൂർ സന്ദർശിച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുക''- എന്നായിരുന്നു കോറൻ പറഞ്ഞത്.

    2023 മെയ് മൂന്നാം തിയതിയാണ് മണിപ്പൂരിന്റെ സമാധാനവും ശാന്തിയും തകർത്ത് സംഘർഷങ്ങൾ ആരംഭിച്ചത്. മെയ്തി വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവാണ് സംഘർഷത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അഗ്നിക്കിരയായി. കലാപകാരികൾ യുവതികളെ കൂട്ട ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തി. നിരവധി കുട്ടികളെ രക്ഷിതാക്കൾ ക്യാമ്പുകളിൽ ഉപേക്ഷിച്ചു. അമ്പതിനായിരത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News