കർണാടകയിൽ മുസ്‍ലിംകളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ മോദി

‘ഒ.ബി.സി വിഭാഗക്കാരുടെ ഏറ്റവും വലിയ ശത്രുവാണ് കോൺഗ്രസ്’

Update: 2024-04-24 14:14 GMT
Advertising

ഭോപ്പാൽ: മുസ്‍ലിം സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താനുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തുടനീളം ആവർത്തിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നതെന്നും മോദി ആരോപിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ഒ.ബി.സികൾക്കൊപ്പം എല്ലാ മുസ്ലീം വിഭാഗങ്ങളെയും ഉൾപ്പെടുത്തി കോൺഗ്രസ് വീണ്ടും കർണാടകയിൽ പിൻവാതിലിലൂടെ മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുകയാണ്. അതുവഴി ഒ.ബി.സി വിഭാഗത്തിൽ നിന്ന് സംവരണത്തിൻ്റെ വലിയൊരു ഭാഗം തട്ടിയെടുത്തു. നിങ്ങളുടെ ഭാവി തലമുറകളെ നശിപ്പിക്കുന്ന ഈ അപകടകരമായ കളിയിൽ കോൺഗ്രസ് ഏർപ്പെടുകയാണെന്നും മോദി കുറ്റപ്പെടുത്തി.

നമ്മുടെ ഭരണഘടന മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം വ്യക്തമായി എതിർക്കുന്നുണ്ട്. ബാബാസാഹേബ് അംബേദ്കർ തന്നെ ഇതിനെതിരായിരുന്നു. എന്നാൽ, കോൺഗ്രസ് തുടർച്ചയായി ആളുകളെ കബളിപ്പിക്കുകയാണ്.

ഒ.ബി.സി വിഭാഗക്കാരുടെ ഏറ്റവും വലിയ ശത്രുവാണ് കോൺഗ്രസ്. മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗക്കാർക്കും അനുവദിച്ച ക്വാട്ട സംരക്ഷിക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400-ലധികം സീറ്റുകൾ നേടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

2009ലെയും 2014ലെയും തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ പ്രകടനപത്രികയിൽ മതാടിസ്ഥാനത്തിലുള്ള സംവരണം കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. എസ്‌.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ 15 ശതമാനം സംവരണം വെട്ടിക്കുറക്കാനും മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കാനും കോൺഗ്രസ് ഒരുങ്ങുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസങ്ങളിൽ കടുത്ത മുസ്‍ലിം വിദ്വേഷ ​പരാമർശങ്ങളാണ് തെരഞ്ഞെടുപ്പ് റാലികളിൽ മോദി നടത്തിയിരുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും ​പൊലീസിലുമെല്ലാം മോദിക്കെതിരെ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News