കൂറ്റൻ കാവി ഖുർആൻ മുതൽ ക്യാൻ‍സർ ആശുപത്രി വരെ; അയോധ്യയിലെ പുതിയ പള്ളി താജ്മഹലിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബിജെപി നേതാവ്

ആദ്യ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് മക്ക ഹറം പള്ളിയിലെ ഇമാം അബ്ദുൽ റഹ്മാൻ‍ അൽ സുദൈസ് ആയിരിക്കുമെന്നും ഹാജി അർഫാത് പറഞ്ഞു.

Update: 2023-12-22 09:19 GMT
Advertising

ലഖ്നൗ: അയോധ്യയിൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരമെന്ന പേരിൽ നിർമിക്കുന്ന പള്ളിയെ പുകഴ്ത്തി ബിജെപി നേതാവും മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ്. അയോധ്യയിലെ ധനിപൂർ ഗ്രാമത്തിലെ അഞ്ചേക്കർ സ്ഥലത്ത് നിർമിക്കുന്ന മുഹമ്മദ് ബിൻ അബ്ദുല്ലാ മസ്ജിദ് താജ്മഹലിനേക്കാൾ മികച്ചതായിരിക്കുമെന്ന് അർഫാത് ഷെയ്ഖ് അവകാശപ്പെട്ടു.

ബാബരി മസ്ജിദ് തകർത്തിയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിൽ നിന്നും 25 കി.മീ അകലെ നിർമിക്കുന്ന പള്ളിയുടെ പ്രത്യേകതകളെ കുറിച്ച് ബിജെപി നേതാവ് വാചാലനായി. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായി മാറാൻ പോകുന്ന ഈ മസ്ജിദിൽ 21 അടി ഉയരവും 36 അടി വീതിയുമുള്ള കാവി നിറമുള്ള ഖുർആൻ സ്ഥാപിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. മസ്ജിദി‌ൽ ആദ്യ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് മക്ക ഹറം പള്ളിയിലെ ഇമാം അബ്ദുൽ റഹ്മാൻ‍ അൽ സുദൈസ് ആയിരിക്കുമെന്നും ഹാജി അർഫാത് പറഞ്ഞു.

'താജ്മഹലിനേക്കാൾ മികച്ചതായിരിക്കും ഈ പള്ളിയെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഒരേ സമയം 'ദവയുടെയും ദുആയുടേയും' (മരുന്നിന്റെയും പ്രാർഥനയുടേയും) കേന്ദ്രമായിട്ടാണ് പള്ളി പ്രവർത്തിക്കുക. നമസ്കാരത്തിന് വേണ്ടി മാത്രമുള്ള സ്ഥലമായിരിക്കില്ല അത്. 500 കിടക്കകളുള്ള ക്യാൻസർ ആശുപത്രിയും പള്ളിയിൽ നിർമിക്കുന്നുണ്ട്. യു.പിയിൽ നിന്ന് ഇനിയാർക്കും അർബുദ ചികിത്സയ്ക്കായി മുംബൈയിലേക്ക് പോകേണ്ടിവരില്ല'- ഹാജി അർഫാത് വിശദമാക്കി.

'ഇതു കൂടാതെ, മെഡിക്കൽ കോളജും ദന്ത മെഡിക്കൽ കോളജും എഞ്ചിനീയറിങ് കോളജും പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടാകും. ഒപ്പം, വെജ് ലം​ഗാർ സൗകര്യവും ഉണ്ടായിരിക്കും. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഭക്ഷണം നൽകുന്ന ആദ്യത്തെ പള്ളിയാണിത്. ഒരേ സമയം 5000 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം'- ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

2019 നവംബർ ഒമ്പതിനാണ്, ബാബരി മസ്ജിദ് നിന്നയിടത്ത് രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ക്ഷേത്രം നിര്‍മിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം രാംജന്മഭൂമി ന്യാസിന് കോടതി നൽകിയ കോടതി, പകരം പള്ളി നിർമിക്കാൻ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം അനുവദിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർ‍ന്ന് അയോധ്യയിലെ ധനിപൂർ ഗ്രാമത്തിൽ അഞ്ച് ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ പള്ളിക്കായി അനുവദിക്കുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News