ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: ബി.ജെ.പി നേതാവിന്റെ വീട് ബുൾഡോസറുമായി ഇടിച്ചുനിരത്തി

പ്രതി പ്രവേഷ് ശുക്ലയ്‌ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്

Update: 2023-07-05 13:59 GMT
Editor : Shaheer | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിന്റെ വീട് തകർത്ത് ഭരണകൂടം. സംഭവം ഏറെ വിവാദമായതിനു പിന്നാലെയാണ് ബുൾഡോസറുമായി സിദ്ധി ജില്ലാ ഭരണകൂടം പ്രതി പ്രവേഷ് ശുക്ലയുടെ വീട്ടിലെത്തിയത്. മൂത്രമൊഴിച്ച സംഭവത്തിൽ പ്രവേഷിനെതിരെ ദേശീയ സുരക്ഷാ നിയമം(എൻ.എസ്.എ) പ്രകാരം കേസെടുത്തിട്ടുണ്ട്.

ആറുമാസംമുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിദ്ധിയിലെ കുബ്രിയിൽ ആദിവാസി യുവാവിനെ മുഖത്തേക്ക് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. മദ്യാസക്തിയിലാണ് ഇയാളുടെ നടപടിയെന്നും വാദമുണ്ട്.

Advertising
Advertising

ഇന്ന് ഉച്ചയോടെയാണ് പ്രവേഷിന്റെ വീട്ടിൽ ഭരണകൂടം എത്തിയത്. അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി വീടിന്റെ ഒരുഭാഗം പൊളിച്ചുനീക്കി. വീട്ടുകാർ തടഞ്ഞെങ്കിലും ഉദ്യോഗസ്ഥർ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.

രണ്ട് ബുൾഡോസറുമായാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നത്. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. പ്രവേഷിന്റെ പിതാവ് രമാകാന്ത് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇതു നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് സിദ്ധി സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് ആർ.പി തൃപാഠി അറിയിച്ചു.

പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രവേഷ് ശുക്ലയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. ബുൾഡോസർ കോൺഗ്രസിനനുസരിച്ചല്ല, നിയമത്തിനനുസരിച്ചാണ് പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റം കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Summary: MP urinating case: Administration razes parts of accused BJP worker's house in Kubri village in Madhya Pradesh's Sidhi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News